വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍: അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് രാഹുല്‍ ഗാന്ധി

0
270

വയനാട്ടില്‍ രൂക്ഷമാവുന്ന വന്യജീവി ആക്രമണ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ച് രാഹുല്‍ ഗാന്ധി എം പി. വയനാട്ടില്‍ വര്‍ധിച്ചു വരുന്ന മനുഷ്യവന്യജീവി സംഘട്ടനത്തെക്കുറിച്ചും പ്രാദേശവാസികള്‍ക്ക് അനുഭവിക്കുന്ന ദാരുണമായ അവസ്ഥകളെക്കുറിച്ചും വിവരിച്ച്, അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

 

‘പശ്ചിമഘട്ടത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളും സംരക്ഷിത പ്രദേശങ്ങളും കടുവകളുടെ ലോകത്തിലെ ഏറ്റവും വലിയ ആവാസ കേന്ദ്രമാണ്. കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നാഗര്‍ഹോളെ-ബന്ദിപ്പൂര്‍-സത്യമംഗലം-ബിആര്‍ടി-മുതുമല-വയനാട് സെക്ഷനില്‍ 828 കടുവകളുടെ താവളമുണ്ട്.2022 ലെ ടൈഗേഴ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, വയനാട് ഭൂപ്രകൃതിയില്‍ മാത്രം 80 കടുവകളെങ്കിലുമുണ്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

 

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ് പശ്ചിമഘട്ടം. കൂടാതെ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരിസ്ഥിതിലോല പരിധിയില്‍പ്പെടുന്നത് പ്രദേശവും വയനാടാണ്. ഇത് വര്‍ദ്ധിച്ചുവരുന്ന മനുഷ്യവന്യജീവി സംഘര്‍ഷത്തിന് കാരണമാവുകയും പ്രദേശവാസികളുടെ ദാരുണമായ ജീവഹാനിക്ക് തന്നെ കാരണമാവുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

 

2023ല്‍ മാത്രം വയനാട് മണ്ഡലത്തില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വയനാട്ടിലെ തോട്ടങ്ങളില്‍ അദ്ധ്വാനിക്കുന്ന കര്‍ഷകരോ കര്‍ഷകത്തൊഴിലാളികളോ ആണ് സമീപകാലത്ത് ഇരകളായവരില്‍ ഏറെയും. ഈ ആക്രമണങ്ങള്‍ പൊതുജന രോഷത്തിന് ആക്കം കൂട്ടുകയും വന്യജീവി സംരക്ഷണ ശ്രമങ്ങളോടുള്ള അമര്‍ഷം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്.വര്‍ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘര്‍ഷത്തെക്കുറിച്ച് മുമ്പ് പലതവണ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുള്ളതാണ്.

 

‘കടുവകള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍ മെച്ചപ്പെട്ട വേലി സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തദ്ദേശീയരില്‍ നിന്ന് തനിക്ക് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സുന്ദര്‍ബന്‍ പോലുള്ള സ്ഥലങ്ങളില്‍ ഇത്തരം നടപടികള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതാണ്. മനുഷ്യവന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സംഭവങ്ങള്‍ പരിഹരിക്കുന്നതിന് പ്രദേശവാസികളുമായി കൈകോര്‍ത്ത് വിദഗ്ധരുടെ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പവിത്രത സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തണം.’ രാഹുല്‍ഗാന്ധി എംപി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here