മാസത്തിൽ രണ്ടു വാരാന്ത്യങ്ങളിൽ മാത്രം ഭർതൃവീട് സന്ദർശിക്കുന്ന ഭാര്യ തന്റെ ദാമ്പത്യാവകാശങ്ങൾ നിഷേധിക്കുന്നുവെന്ന പരാതിയുമായി യുവാവ് കോടതിയിൽ. മറ്റു ദിവസങ്ങളിൽ യുവതി സ്വന്തം മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നതെന്നും ഭാര്യയോട് എല്ലാദിവസവും ഭർതൃവീട്ടിൽ താമസിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭർത്താവ് സൂറത്തിലെ കുടുംബ കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമത്തിലെ ഒൻപതാം വകുപ്പു പ്രകാരം ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകണമെന്നും യുവാവ് ആവശ്യപ്പെടുന്നു.
കുട്ടി ജനിച്ചതിനു ശേഷം എല്ലാമാസവും രണ്ടു വാരാന്ത്യങ്ങളിൽ മാത്രമാണ് യുവതി ഭർതൃവീട്ടിലെത്തുന്നത്. മറ്റു ദിവസങ്ങളിൽ ജോലിക്കു പോകാൻ കൂടുതൽ സൗകര്യം സ്വന്തം വീട്ടിൽനിന്നാണെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. തന്റെ ദാമ്പത്യ അവകാശങ്ങൾ നിഷേധിക്കുന്നതോടൊപ്പം കുട്ടിയുടെ ആരോഗ്യ കാര്യങ്ങളും ശ്രദ്ധിക്കാതെയാണ് ഭാര്യ ജോലിക്കുപോകുന്നതെന്നും പരാതിക്കാരൻ പറയുന്നു.
ഭർത്താവിന് അനുകൂലമായി കോടതി വിധിയുണ്ടായെങ്കിലും ഇതിനെതിരെ യുവതി ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീല്‍ നൽകി. രണ്ടാഴ്ച കൂടുമ്പോൾ താൻ ഭർത്താവിനെ സന്ദർശിക്കാറുണ്ടെന്നും ഇതു ദാമ്പത്യ ബാധ്യതകൾ നിർവഹിക്കുന്നതിന് തുല്യമാണെന്നും യുവതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. കേസ് ജനുവരി 25ന് വീണ്ടും പരിഗണിക്കും.