കോളേജ് ബസ് ഡ്രൈവറെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നടവയല്‍ സി.എം. കോളേജ് ബസ് ഡ്രൈവര്‍ ഒണ്ടയങ്ങാടി പള്ളിക്കുന്നേല്‍ ഷിന്‍സ് (29) നെയാണ് ഇന്നലെ വൈകിട്ട് 5.30 ഓടെ എടവക രണ്ടേ നാല് വെച്ച് കാര്‍ഡ്രൈവറും സംഘവും ബസ്സ് തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചത്.
തലയ്ക്കും മറ്റും പരിക്കേറ്റ ഷിന്‍സിനെ വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് സംഘം ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി മർദ്ദിച്ച് പരിക്കേല്‍പ്പിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരം കണ്ടാലറിയുന്ന 20 പേര്‍ക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കോളേജ് ക്യാമ്പസിലാണ് സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി ഭര്‍ത്താവിനെയും കൂട്ടി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാനെത്തിയിരുന്നു. ഇവരുടെ കാര്‍ കോളജ് റോഡില്‍ നിര്‍ത്തിയിട്ടത് ഗതാഗത തടസ്സമുണ്ടാക്കിയെന്നാരോപിച്ച് കോളേജ് ബസ് ഡ്രൈവറായ ഷിന്‍സുമായി വാക്കേറ്റവും മറ്റുമുണ്ടായതായി പറയുന്നു.
തുടര്‍ന്ന് കാര്‍ യാത്രികര്‍ ബസിനെ പിന്‍തുടരുകയും രണ്ടേ നാല് എത്തിയപ്പോള്‍ ഇരുപതോളം ആളുകള്‍ ബസ്സ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞതായും കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ കെ.പി. സഹദ് പറഞ്ഞു.