വിവാഹ ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. റവന്യൂ ഡിപ്പാർട്ട്‌മെന്റ് ഓഫീസിലെ ജീവനക്കാരന്‍ സച്ചിന്‍ പാട്ടീലാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ഖാനാപൂരിലാണ് സംഭവം.
സച്ചിന്‍റെ വീട്ടുകാര്‍ ആദ്യം ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയും 100 ഗ്രാം സ്വർണവുമായിരുന്നു. ഇത് വധുവിന്റെ വീട്ടുകാർ സമ്മതിച്ചു. എന്നാല്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് സച്ചിന്‍ സ്ത്രീധന തുക കൂട്ടി ചോദിച്ചു. ഈ ആവശ്യം വധുവിന്‍റെ വീട്ടുകാര്‍ നിരസിച്ചതോടെ വിവാഹം നടക്കില്ലെന്ന് വരന്‍ പറഞ്ഞു.
ഡിസംബര്‍ 31നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. വധുവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം സച്ചിനെ അറസ്റ്റ് ചെയ്തത്. ഹുബ്ബള്ളി സ്വദേശിയാണ് ഇയാള്‍. സബ് ഇൻസ്പെക്ടർ എം ബി ബിരാദാറിന്‍റെ നേതൃത്വത്തില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.