വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അല്പസമയം മുൻപാണ് പൊലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സമർപ്പിച്ചത് വ്യാജരേഖയല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യ.
വിദ്യയെ കോഴിക്കോട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യ ഇവിടെ നിന്ന് മടങ്ങുന്ന വഴിയാണ് പൊലീസിന്റെ പിടിയിലായത് എന്നാണ് വിവരം. പാലക്കാട് അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
ഒളിവിലായിരുന്ന വിദ്യയെ പതിനഞ്ചാം ദിവസമാണ് പൊലീസ് പിടിയിലയത്. പാലക്കാട് അഗളി പൊലീസും കാസർകോഡ് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയിരിക്കുന്നത്.
കരിന്തളം ഗവ. ആർട്സ് ആൻറ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വർഷം വിദ്യ കരിന്തളം കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിൻറെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്.
കാസർഗോഡ് കരിന്തളം ഗവൺമെന്റ് കോളജിൽ വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ച് തന്നെയെന്നതും കോളീജിയറ്റ് എഡ്യൂക്കേഷൻ കണ്ടെത്തിയിരുന്നു. ഒരു വർഷക്കാലം വിദ്യ കോളേജിൽ അധ്യാപികയായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ വിദ്യക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായേക്കും.