മാനന്തവാടി∙ വയനാട്ടിലെ മണ്ണുണ്ടി കോളനിയിൽ വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. രാത്രി എട്ടു മണിയോടെ അഞ്ചു യൂണിറ്റ് പട്രോളിങ്ങിന് ഇറങ്ങുമെന്ന വനംവകുപ്പിന്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പട്രോളിങ് സംഘത്തിന്റെ കൈവശം തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ ഉണ്ടാകുമെന്ന് പേരിയ റേഞ്ചർ അറിയിച്ചു. പട്രോളിങ് സംഘത്തിന്റെ ഫോൺ നമ്പറുകൾ വനംവകുപ്പ് നാട്ടുകാർക്ക് നൽകി.
തിങ്കളാഴ്ച പുലർച്ചെ ആനയെ പിടികൂടാനുള്ള ദൗത്യം പുനരാരംഭിക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട് . ഇതോടെയാണ് ദൗത്യസംഘത്തെ നാട്ടുകാർ പോകാനനുവദിച്ചത്. കൊലയാളി ആനയെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ പ്രതിഷേധവുമായി നാട്ടുകാർ ദൗത്യസംഘത്തെ തടയുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷമാണ് ഇവരെ വിട്ടത്.
ഞായറാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയിട്ടും ആനയെ വെടിവയ്ക്കാൻ പറ്റിയ സാഹചര്യത്തിൽ കണ്ടെത്താൻ സാധിച്ചില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആന നിരന്തരം സഞ്ചരിക്കുന്നതാണു പ്രതിസന്ധിയായത്. ഏറെ നേരം ബാവലിയിൽ ഉണ്ടായിരുന്ന ആന പിന്നീട് മണ്ണുണ്ടി ഭാഗത്തെ ഉൾവനത്തിലേക്കു പോയി.