ഓർഡർ ചെയ്ത റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം എത്തിച്ചില്ലെന്ന പരാതിയിൽ സൊമാറ്റോയ്ക്ക് നോട്ടീസ്. ഉപഭോക്താവ് നൽകിയ ഹർജിയിൽ കോടതി സൊമാറ്റോ അധികൃതരെ വിളിച്ചുവരുത്തി. തുടർനടപടികൾക്കായി കേസ് മാർച്ച് 20ലേക്ക് മാറ്റി.
കഴിഞ്ഞ വർഷം ഒക്ടോബർ 24നാണ് നടപടിക്ക് ആസ്പദമായ സംഭവം. ‘ദില്ലി കെ ലെജൻഡ്സ്’ എന്ന വിഭാഗത്തിൽ പെടുന്ന പ്രശസ്ത ഹോട്ടലിൽ നിന്ന് സൗരവ് മാൽ എന്ന ഉപഭോക്താവ് ഭക്ഷണം ഓർഡർ ചെയ്തു. ഭക്ഷണം ഓർഡർ ചെയ്തശേഷം ആപ്പിൽ ഡെലിവറി ട്രാക്ക് ചെയ്യുമ്പോൾ അറിയാത്ത ഏതോ ഒരു ഹോട്ടലിൽ നിന്നാണ് ഡെലിവറി പാർട്നർ ഭക്ഷണം കൊണ്ടുവന്നത് എന്നത് സൗരവ് കണ്ടെത്തി. ഇത് ചോദ്യം ചെയ്താണ് ഇയാൾ കോടതിയെ സമീപിച്ചത്. പൊതുജനങ്ങളെ സൊമാറ്റോ വഞ്ചിക്കുകയാണെന്നാണ് ഉപഭോക്താവിൻ്റെ പരാതി. ഇത് തടയണമെന്നും ഹർജിയിലുണ്ട്.