ബസ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… യാത്രക്കാരുടെ കീശ കാലിയാക്കാൻ തമിഴ്നാട്ടിൽ നിന്ന് എത്തിയ വനിതാ മോഷ്ടാക്കളുടെ സംഘം വിലസുന്നു. കഴിഞ്ഞ ദിവസം കേ ാട്ടയം പാമ്പാടിയിൽ പിടിയിലായ തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളിൽ അറിയപ്പെടുന്ന നന്ദിനിയിൽ (24) നിന്നാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്.
നന്ദിനി പൊലീസിന് നൽകിയ വിലാസം തെറ്റെന്നറിഞ്ഞ സാഹചര്യത്തിൽ പാമ്പാടി പൊലീസ് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായം തേടിയിരുന്നു. തമിഴ്നാട്ടിൽ നിന്നു ട്രെയിൻ മാർഗം കോട്ടയത്ത് എത്തിയ വനിതകളടങ്ങിയ മോഷണ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നു എന്നാണ് പിടിയിലായ നന്ദിനിയിൽ നിന്നു പൊലീസിന് ലഭിച്ച വിവരം. നന്ദിനിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് നടപടി തുടങ്ങി.
*മോഷണത്തിന് മുൻപ് പൂജ*
മോഷണം നടത്താൻ തമിഴ്നാട്ടിൽ നിന്നു പുറപ്പെടുന്നതിനു മുൻപ് നന്ദിനിയും സംഘവും പൂജ നടത്തിയിരുന്നു. തിരുട്ടുഗ്രാമത്തിലെ ആചാരമനുസരിച്ചാണിത്. പൂജയുടെ ഭാഗമായി ലഭിക്കുന്ന ഭസ്മം കയ്യിലെ ബാഗിൽ സൂക്ഷിക്കും. പൂജിച്ച ഭസ്മം കയ്യിൽ സൂക്ഷിച്ചാൽ പിടിക്കപ്പെടില്ലെന്നാണ് വിശ്വാസം. ലഭിക്കുന്ന മോഷണമുതലിന്റെ ഒരു ഭാഗം ഗ്രാമമുഖ്യന് നൽകണമെന്നാണ് ചട്ടം. മോഷണത്തിന് പിടിക്കപ്പെട്ടാൽ നിയമ സഹായത്തിന് വലിയ സംഘം പുറത്തുണ്ട്.
*മോഷണം ഇങ്ങനെ*
തിരക്കുള്ള ബസിൽ കയറും. സ്ത്രീകളുടെ ഭാഗത്താണ് നിൽക്കുക. തോളിൽ തൂക്കിയിടുന്ന ബാഗിന്റെ അറകൾ തുറന്ന് നിമിഷങ്ങൾ കൊണ്ട് പണവും ആഭരണവുമടക്കം വിലപിടിപ്പുള്ളതെന്തും കവരും. തുടർന്ന് ഏറ്റവും അടുത്ത സ്റ്റോപ്പിൽ ഇറങ്ങും. പിന്നെ അടുത്ത റൂട്ടിലോടുന്ന ബസിൽ കയറും.
കഴിഞ്ഞ ദിവസമാണ് ബസിനുള്ളിൽ വീട്ടമ്മയുടെ മാല കവർന്ന കേസിൽ നന്ദിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം – എരുമേലി മൂക്കൻപെട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വച്ച് കറുകച്ചാൽ സ്വദേശിനിയായ വീട്ടമ്മയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന വൈറ്റ് ഗോൾഡ് നെക്‌ലേസ് കവർച്ച ചെയ്യുകയായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്എച്ച്ഒ സുവർണകുമാർ, എസ്ഐ എം.സി.ഹരീഷ്, എഎസ്ഐ സിന്ധു, സിപിഒ പി.സി.സുനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
*പേരുകൾ പലത്*
ആലുവ, മരട്, പാലാരിവട്ടം, കല്ലമ്പലം എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളിൽ പ്രതിയാണ് നന്ദിനി. ഈ സ്റ്റേഷനുകളിൽ നൽകിയ പേരുകളിലും വ്യത്യാസമുണ്ട്. പിടിയിലായ പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് പിന്നെ ഇവർ എത്തില്ലെന്നുള്ളതും പ്രത്യേകതയാണ്.