ബത്തേരി: ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേനെ ജ്വല്ലറി ജീവനക്കാരെ വിളിച്ചുവരുത്തി കബളിപ്പിച്ച് പത്ത് പവന്‍ സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത യുവാവിനെ ബത്തേരി സി.ഐ എം.എ സന്തോഷും സംഘവും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേ പുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്. ഇന്നലെയാണ് തട്ടിപ്പിനിടയായ സംഭവം നടന്നത്.
ബത്തേരിയിലെ ഹോട്ടലില്‍ താമസിച്ചു കൊണ്ട് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചെന്ന് അവിടുത്തെ താമസക്കാരനായി അഭിനയിച്ചാണ് ഇയ്യാള്‍ തട്ടിപ്പ് നടത്തിയത്. പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന് വ്യാജേന ബത്തേരിയിലെ ഒരു ജ്വല്ലറിയില്‍ വിളിച്ച് 10 സ്വര്‍ണനാണയങ്ങള്‍ ആവശ്യപ്പെടുകയും, സ്വര്‍ണ്ണം ബില്ല് ചെയ്തശേഷം റിസോര്‍ട്ടിലേക്ക് കൊണ്ടുവന്നാല്‍ മതി എന്ന് പറയുകയായിരുന്നു. ഇതുപ്രകാരം ജ്വല്ലറി ജീവനക്കാര്‍ റിസോര്‍ട്ടില്‍ എത്തി റാഹിലിന് സ്വര്‍ണ്ണനാണയങ്ങള്‍ കൈമാറുകയും, പിന്നിട് ഇയ്യാള്‍ തന്ത്രപൂര്‍വ്വം മുങ്ങുകയുമായിരുന്നു.
മുന്‍പും സമാന തട്ടിപ്പുകള്‍ ചെയ്തയാളാണ് റാഹില്‍. സി സി ടി വി ദൃശ്യ പ്രകാരം മോഷ്ടാവിനെ തിരിച്ചറിഞ്ഞ പോലീസ് പ്രതിയുടെ ഫോട്ടോകള്‍ പ്രചരിപ്പിക്കുകയും, തുടര്‍ന്ന് ഇയ്യാള്‍ കോഴിക്കോടേക്ക് മുങ്ങാനുള്ള ശ്രമത്തിനിടെ ടാക്‌സി ഡ്രൈവര്‍ക്ക് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലത്തിന് സമീപം വെച്ച് നാട്ടുകാരുടെ സഹായത്തോടെ ഡ്രൈവര്‍ പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു.
സ്വര്‍ണനാണയങ്ങള്‍ തന്റെ മാഡത്തിന് പരിശോധിക്കണമെന്നും അവര്‍ തൊട്ടടുത്ത മുറിയില്‍ ഉണ്ടെന്നും പറഞ്ഞശേഷം നാണയങ്ങളുമായി മുറിക്ക് പുറത്തേക്ക് പോയ റാഹില്‍ അല്പസമയത്തിനു ശേഷം തിരിച്ചെത്തി മാഡത്തിന് നാണയങ്ങള്‍ ഇഷ്ടപ്പെട്ടന്നും പണം എണ്ണുന്നതിനുള്ള മെഷീന്‍ താഴെ കാറില്‍ ആണെന്നും പറഞ്ഞ് താഴേക്ക് പോയ ശേഷം മുങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചു വരാതായതോടെയാണ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയത്. റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഉടന്‍തന്നെ മറ്റു പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയായിരുന്നു.
സഞ്ചരിക്കുന്ന കാറുകളും, വസ്ത്രങ്ങളും ഇടക്കിടയ്ക്ക് മാറുന്നതിനാല്‍ പ്രതിയെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു. എന്നാല്‍ പോലീസിന് ഇക്കാര്യമറിയുന്നതിനാല്‍ പ്രതി മുങ്ങാന്‍ സാധ്യത മുന്നില്‍ കണ്ട് ടാക്‌സി സ്റ്റാന്റുകളിലും മറ്റും പ്രതിയുടെ ഫോട്ടോകള്‍ പ്രചരിപ്പിക്കുകയായിരുന്നു. ആ നീക്കം ഫലം കാണുകയും പ്രതി കല്‍പ്പറ്റയില്‍ നിന്നും ഇന്നോവ കാറില്‍ കോഴിക്കോട്ടേക്ക് പോയതായി മനസ്സിലാകുകയും ചെയ്തു. തുടര്‍ന്ന് ഇന്നോവ ഡ്രൈവറുടെ നമ്പര്‍ സംഘടിപ്പിച്ച് പോലീസ് വിവരം കൈമാറി. തന്റെ കൂടെയുള്ളയാള്‍ മോഷ്ടാവാണെന്ന് മനസ്സിലായ ഡ്രൈവര്‍ തന്ത്രപൂര്‍വ്വം കുന്ദമംഗലത്തിന് സമീപം വാഹനം നിര്‍ത്തി. ഇതിനിടെ പ്രതി ഡ്രൈവറോട് ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതി മുങ്ങാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിന് സമീപം വണ്ടി നിര്‍ത്തിയത്. വാഹനം നിര്‍ത്തിയ ഉടന്‍ മോഷ്ടാവ് ഓടി രക്ഷപെടാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാന രീതിയില്‍ ജ്വല്ലറി തട്ടിപ്പുകാരന്‍ ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസുകളില്‍ ഇതിനുമുമ്പും റാഹില്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ആടംബര ജീവിതവും വില കൂടിയ മയക്കുമരുന്നുശീലവും ഇയ്യാള്‍ക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.