ആനകളെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് കറുത്തു ഭീമാകാരന്മാരായ ജീവികളെയാണ്. ഭംഗിയും ഗാംഭീര്യവും കരുത്തും ഒത്തിണങ്ങിയ ജീവികൾ. ലോകത്ത് രണ്ട് വിഭാഗം ആനകളാണുള്ളത്. ആഫ്രിക്കൻ വൻകരയിൽ കാണപ്പെടുന്ന ആഫ്രിക്കൻ ആനകളും ഏഷ്യയിൽ കാണപ്പെടുന്ന ഏഷ്യൻ ആനകളും. ഇപ്പോഴിതാ ആഫ്രിക്കയിൽ സഫാരിക്കു പോയ ഒരു സംഘത്തിന് വിചിത്രമായ ഒരു ഭാഗ്യം ലഭിച്ചിരിക്കുകയാണ്. അപൂർവമായ ഒരു ഭാഗ്യം. തിയോ പോട്‌ഗെയ്റ്റർ എന്ന വിദഗ്ധന്റെ നേതൃത്വത്തിലുള്ള സംഘം അപൂർവങ്ങളിൽ അപൂർവമായ പിങ്ക് നിറത്തിലുള്ള ഒരു കുട്ടിയാനയെ കണ്ടെത്തി ചിത്രങ്ങൾ പകർത്തി.
ആൽബിനിസം എന്ന പിഗ്മെന്റ് കുറയുന്ന അവസ്ഥ കാരണമാണ് ഈ കുട്ടിയാനയ്ക്ക് പിങ്ക് നിറം വന്നുചേർന്നത്. ഈ കുട്ടിയാനയുടെ ശരീരത്തിൽ മെലാനിൻ കുറവാണ്. ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗർ നാഷനൽ പാർക്കിൽ നിന്നുള്ളതാണ് ചിത്രം. ആനക്കുട്ടിക്ക് കേവലം ഒരു വയസ്സായിരിക്കും പ്രായമെന്ന് ലിയോ പോട്‌ഗെയ്റ്റർ അറിയിക്കുന്നു.
ആൽബിനിസം ആഫ്രിക്കൻ ആനകളിൽ വളരെ അപൂർവമാണെന്ന് പോട്‌ഗെയ്റ്റർ പറയുന്നു. ഏഷ്യൻ ആനകളിൽ ഈ അവസ്ഥ കൂറച്ചുകൂടി വ്യാപകമാണ്. എന്നാൽ ആഫ്രിക്കൻ ആനകളിൽ പതിനായിരത്തിൽ ഒന്നുമാത്രമാണ് ഇതു സംഭവിക്കാനുള്ള സാധ്യത. കാണാൻ കൗതുകമുണ്ടെങ്കിലും ഈ അവസ്ഥ ബാധിച്ച ആനകളുടെ ജീവിതം ദുഷ്‌കരമാകാമെന്നും ഗവേഷകർ പറയുന്നു. ആഫ്രിക്കയിലെ വെയിലും ഉയർന്ന താപനിലയും മറ്റാനകളെപ്പോലെ നേരിടാൻ ഇവയ്ക്കാവില്ല. രൂപത്തിൽ വ്യത്യാസം തോന്നുന്നതിനാൽ കുടുംബമായ ആനക്കൂട്ടം ഇവയെ പുറത്താക്കുന്ന സംഭവങ്ങളുമുണ്ട്. എന്നാൽ ഈ കുട്ടിയാനയുടെ കാര്യത്തിൽ ഈ പ്രശ്‌നമില്ല. കുടുംബം അതിനോടൊപ്പം കളിക്കാനും തണലായും കൂട്ടിനുണ്ട്.