ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരിക്കേസില്‍ ജയിലിലടച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

0
158

ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ അടച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

 

കഴിഞ്ഞ ഫെബ്രുവരി 27 നാണ് ചാലക്കുടി ഷീ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും കടയിലെത്തി അറസ്റ്റുചെയ്തത്. ബാഗിൽ നിന്ന് എല്‍.എസ്.ഡി സ്റ്റാംപ് പിടിച്ചെന്ന കേസിൽ ഷീല സണ്ണി 72 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. എന്നാൽ, ലാബ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ എക്സൈസ് പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. . ഷീലയുടെ പക്കൽ നിന്ന് 12 എൽഎസ്ഡി സ്റ്റാംപുകൾ കണ്ടെത്തിയെന്നായിരുന്നു കേസ്. ഇതിൽ ഒന്നിന് 5000 രൂപമുകളിൽ വില വരും എന്നായിരുന്നു എക്സൈസ് അറിയിച്ചിരുന്നത്.

 

ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഷീലയെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു എക്സൈസിന്‍റെ വിശദീകരണം. ലാബ് റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ ഷീലയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്ത എക്സൈസ് സംഘം മാധ്യമങ്ങള്‍ക്ക് നല്‍കി. ഷീലയുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയാറാകാതെ ഉദ്യോഗസ്ഥര്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കി. രാത്രി റിമാന്‍ഡിലായ ഷീലയ്ക്ക് മേയ് 10-നാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. എല്‍എസ്ഡി സ്റ്റാംപ് എന്ന് കരുതി പിടികൂടിയത് വെറും കടലാസുകഷണങ്ങളാണെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here