ഒൻപതു വയസുകാരൻ്റെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയക്കെതിരെ കുടുംബം രംഗത്ത്. കാലിൽ പരിക്കേറ്റ ആൺകുട്ടിയെ അനുമതിയില്ലാതെ സുന്നത്ത് ചെയ്തെന്നാണ് ആരോപണം.മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ജൂൺ 15 ന് ഷാഹപുരിലെ സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. വീട്ടുകാരുടെ അനുമതിയില്ലാതെ കാലിൽ പരിക്കേറ്റ കുട്ടിയെ സുന്നത്ത് ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.
വീട്ടുകാർ പരാതിയുമായി രംഗത്ത് വന്നതോടെ അബദ്ധം മനസിലായ ഡോക്ടർ കുട്ടിക്ക് കാലിൽ ശസ്ത്രക്രിയ നടത്തി. കുടുംബം പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകി. കുട്ടിയെ സുന്നത്ത് ചെയ്ത ഭാഗത്ത് തൊലിക്ക് കട്ടി കൂടുതലായിരുന്നുവെന്നും ഫിമോസിസ് എന്ന രോഗാവസ്ഥയായിരുന്നു ഇതെന്നുമാണ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഗജേന്ദ്ര പവാർ പിടിഐയോട് പറഞ്ഞത്. അതിനാലാണ് രണ്ട് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർ പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയ തെറ്റല്ലെന്നും എന്നാൽ കുട്ടിയുടെ വീട്ടുകാർ ഡോക്ടർമാർ പറയുന്നത് കേൾക്കാൻ തയ്യാറായില്ലെന്നുമാണ് ഗജേന്ദ്ര പവാർ പ്രതികരിച്ചത്.