ശരീരത്തിൽ 150 മില്ലിഗ്രാം ബീജം, കഴുത്തിൽ കടിയേറ്റ പാട്’; വനിത ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് കുടുംബം

0
1710

ആർജി കാർ സർക്കാർ മെഡിക്കൽ കോളജിൽ കൊല്ലപ്പെട്ട വനിത ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായതായി പെൺകുട്ടിയുടെ കുടുംബം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മുപ്പത്തൊന്നുകാരിയുടെ മാതാപിതാക്കൾ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 

ക്രൂരമായി ബലാത്സംഗത്തിന് ഇരയായതിന്റെ തെളിവുകളെല്ലാം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മകളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ പാടുകളുണ്ട്. സ്വകാര്യഭാഗങ്ങളിൽ കടുത്ത രക്തസ്രാവം ഉണ്ടായി. രണ്ടു ചെവികളിലും മുറിപ്പാടുകളുണ്ട്. ബലപ്രയോഗത്തിനിടെ അവളെ നിശബ്ദയാക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണ് ചുണ്ടുകളിലുണ്ടായ മുറിവുകൾ. കഴുത്തിലെ കടിയേറ്റ പാടുകൾ ആക്രമണത്തിന്റെ ഭീകരത കൂടുതൽ വ്യക്തമാക്കുന്നു.’’– ഹർജിയിൽ പറയുന്നു.

 

150 മില്ലിഗ്രാം ബീജം ശരീരത്തിൽ കണ്ടെത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇത് കൂട്ടബലാത്സംഗത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തങ്ങളുടെ മകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണ് എന്നതിന് വ്യക്തമായ തെളിവുകൾ നിലനിൽക്കുമ്പോഴും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ അധികൃതർ തയാറാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

ആശുപത്രിയിലെ നെഞ്ചുരോഗ വിദഗ്ധനും കൊലപാതകത്തിൽ പങ്കുള്ളതായി കുടുംബം ആരോപിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് കൊൽക്കത്ത ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വച്ച് പിജി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോർട്ട്. രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് സംഭവത്തിൽ അരങ്ങേറുന്നത്. നിലവിൽ പൊലീസ് സിവിക് വൊളന്റിയർ സഞ്ജയ് റോയി ആണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കൽക്കട്ട ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here