19 ലക്ഷം തട്ടി, ഗുണ്ടയെ കൂട്ടുപിടിച്ച് ‘പൊലീസ് സിസ്റ്റേഴ്സിന്റെ’ ഭീഷണി; പൊറുതിമുട്ടി വീട്ടമ്മ

0
1260

സഹോദരിമാരായ പൊലീസ് ഉദ്യോഗസ്ഥര്‍ സാമ്പത്തികത്തട്ടിപ്പില്‍നിന്നു തടിയൂരാന്‍ ഗുണ്ടാനേതാവിനെക്കൊണ്ടു വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സംഭവം പൊലീസിനു തലവേദനയാകുന്നു. പൊലീസ് സഹോദരിമാരും ഗുണ്ടയും കൈകോര്‍ത്തപ്പോള്‍ ഒരു വീട്ടമ്മയുടെ ജീവിതമാണ് ദുസ്സഹമായത്. ആതിരയെന്ന വീട്ടമ്മ പരാതിപ്പെട്ടതോടെ ചെറിയ വകുപ്പുകള്‍ ചുമത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചെങ്കിലും റൂറല്‍ എസ്പി ഇടപെട്ടതോടെ നടപടികള്‍ കടുപ്പിക്കേണ്ടിവന്നു.

 

കാട്ടായിക്കോണം ജയ്‌നഗര്‍ ഗാര്‍ഡന്‍വ്യൂ പിജെ ഗാര്‍ഡന്‍സില്‍ ആതിരയോട് പല തവണയായി വാങ്ങിയ 19 ലക്ഷം രൂപ തിരികെ നല്‍കാന്‍ തയാറാകാതിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഒടുവില്‍ ഗുണ്ടുകാട് സാബു എന്ന ഗുണ്ടാനേതാവിനെ കൊണ്ട് ഫോണില്‍ ആതിരയെ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. ആതിരയുടെ പരാതിയിൽ ആദ്യം കേസെടുത്തത് ഭീഷണിപ്പെടുത്തിയതിനു മാത്രമാണ്. വനിതാ പൊലീസുകാരെ സംരക്ഷിക്കാൻ ശ്രമമെന്ന് ആരോപണമുയർന്നതോടെ പിന്നീട് വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തു. അന്വേഷണവും മന്ദഗതിയിലായിരുന്നു.

 

തുടര്‍ന്ന്  വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി ഇടപെട്ടതോടെയാണ് പോത്തന്‍കോട് പൊലീസ് നടപടി ശക്തമാക്കിയത്. ഒന്നാം പ്രതി ഗുണ്ടുകാട് സാബു, സീനിയര്‍ ഗ്രേഡ് വനിതാ സിപിഒമാരും സഹോദരിമാരുമായ പേയാട് വിവേകാനന്ദനഗര്‍ പാര്‍വതിയില്ലത്തില്‍ പി.സംഗീത, പി.സുനിത, ഭര്‍ത്താവ് സൈനിക ഉദ്യോഗസ്ഥനായ ജിപ്‌സണ്‍ രാജ്, സംഗീതയ്‌ക്കൊപ്പം താമസിക്കുന്ന ശ്രീകാര്യം കരിയം ഇടവക്കോട് വിശ്വേന്ദ്രിയത്തില്‍ വി.ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

 

സംഗീത വിഴിഞ്ഞം കോസ്റ്റല്‍ സ്‌റ്റേഷനിലും സുനിത തൃശൂര്‍ വനിതാസെല്ലിലുമാണ് ജോലി ചെയ്യുന്നത്. ഇവര്‍ പൊലീസുകാരാണെന്ന് എഫ്‌ഐആറിലും ഉണ്ടായിരുന്നില്ല. ആദ്യം കേസെടുത്തെങ്കിലും ഒരു അന്വേഷണവും ഉണ്ടായില്ല. എന്നാല്‍ റൂറല്‍ എസ്പി ഇടപെട്ടതോടെ ആതിരയുടെ വീട്ടിലെത്തി മൊഴിയെടുത്ത പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചേർത്തു. മാര്‍ച്ച് നാലിനാണ് ഗുണ്ടുകാട് സാബു ആതിരയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്. അതിനു മുന്‍പ് മറ്റൊരു ഗുണ്ടയും വിളിച്ച് ഭീഷണിപ്പെടുത്തി.

 

സഹോദരിയാണെന്നു പറഞ്ഞ് ആദര്‍ശാണ് സംഗീതയെ പരിചയപ്പെടുത്തിയതെന്നും ആദ്യം പണം കടം വാങ്ങിയതെന്നും ആതിര പറഞ്ഞു. ‘‘പണം തിരികെ നല്‍കാന്‍ പറ്റാതെ വന്നതോടെ അവരുടെ പേരിലുളള വസ്തു നല്‍കാമെന്നു പറഞ്ഞു. ആദ്യം കടം വാങ്ങിയതിനു പുറമേ വസ്തുവിന്റെ വില എന്ന നിലയിൽ 19 ലക്ഷത്തോളം രൂപ അവര്‍ക്കു നല്‍കി. വസ്തുവിന്റെ പേരിലുള്ള വായ്പ അടച്ചുതീർക്കാനെന്നു പറഞ്ഞാണ് പണം വാങ്ങിയത്. വസ്തു അവര്‍ കാണിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വസ്തു ഞങ്ങളുടെ പേരില്‍ എഴുതാന്‍ തയാറായില്ല. പിന്നെ ഫോണ്‍ വിളിച്ചാലും എടുക്കാതായി.

 

പിന്നീട് അന്വേഷിച്ചപ്പോഴാണ് ഈ വസ്തു കണ്ടുകെട്ടിയതാണെന്ന് അറിയുന്നത്. നമ്മളെ കാണിച്ചു തന്നത് അവരുടെ പേരിലുള്ള വസ്തുവല്ലെന്നും പിന്നീടറിഞ്ഞു. വേറെ ആരുടെയോ പുരയിടമായിരുന്നു അത്. ആ വിധത്തിലും വഞ്ചിക്കുകയായിരുന്നു. ഇതോടെയാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. അവര്‍ നല്‍കിയ ചെക്ക് ബാങ്കില്‍ കൊടുത്തപ്പോൾ മടങ്ങി. അതിന്റെ കേസ് ആറ്റിങ്ങല്‍ കോടതിയില്‍ നടക്കുന്നു. ഇതിനിടെയാണ് ഗുണ്ടാ ഭീഷണി ഉണ്ടാകുന്നത്. എഗ്രിമെന്റും ചെക്കും മടക്കി നല്‍കിയില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന തരത്തിലാണ് സംസാരിച്ചത്. ഇതിനിടയിലാണ് സംഗീത, ആദര്‍ശിന്റെ സഹോദരിയല്ലെന്നും അവര്‍ ഒരുമിച്ചു താമസിക്കുകയാണെന്നും അറിയുന്നത്. നാലു ദിവസം മുന്‍പ് പോത്തന്‍കോട് പൊലീസ് വന്നു മൊഴിയെടുത്തിരുന്നു.’’ – ആതിര പറഞ്ഞു.

 

റിയല്‍ എസ്റ്റേറ്റ് ബിസിനസിനു വേണ്ടിയാണ് സംഗീതയും സുനിതയും പണം വാങ്ങിയതെന്നു പൊലീസ് പറയുന്നു. പലപ്പോഴായി ആതിരയുടെ ഭര്‍ത്താവില്‍നിന്ന് 19 ലക്ഷം രൂപയാണ് സംഗീത കൈപ്പറ്റിയത്. രേഖകളും ചെക്കുകളും നല്‍കിയത് സംഗീതയും ജിപ്‌സണ്‍ രാജുമായിരുന്നു. എന്നാല്‍ പറഞ്ഞ തീയതിയില്‍ ബാങ്കില്‍ കൊടുത്ത ചെക്കുകള്‍ പണം ലഭിക്കാതെ മടങ്ങി. തുടര്‍ന്ന് ആതിര പണം തിരികെ ആവശ്യപ്പെട്ടു. അതിനു ശേഷം ഗുണ്ടുകാട് സാബു ഫോണിൽ വിളിച്ച്, സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്റുകളടക്കം തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി.

 

സാബുവിന്റെ ഫോണില്‍ നിന്നാണു വിളിച്ചതെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ പലരില്‍നിന്നും പണം കൈപ്പറ്റി അവരെയും വഞ്ചിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പണം തട്ടിയെടുത്തതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാര സെല്ലിലും എസ്പിക്കും ഉള്‍പ്പെടെ ആതിര പരാതി നല്‍കിയിരുന്നു. സംഗീത പേയാട് താമസിക്കുന്നതിനാല്‍ ആദ്യം മലയിന്‍കീഴ് സ്റ്റേഷനിലാണ് പരാതിപ്പെട്ടത്. തുടര്‍ന്ന് ആതിരയുടെ വീടുള്ള പോത്തന്‍കോട് സ്റ്റേഷനിലേക്കു പരാതി കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here