കാഞ്ഞങ്ങാട്: പകല്‍ വസ്ത്രശാലയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയും രാത്രിയില്‍ മോഷണം പതിവാക്കുകയും ചെയ്ത യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു.വയനാട് അമ്പലവയൽ വികാസ് കോളനിയിലെ അബ്ദുള്‍ ആബിദി(26)നെയാണ് ഇൻസ്പെക്ടർ പി. അജിത്ത്കുമാർ അറസ്റ്റുചെയ്തത്.
കാഞ്ഞങ്ങാട്ടെ ഒരു സുരക്ഷാ ജീവനക്കാരന്റെതും അതിഥി തൊഴിലാളികളായ രണ്ടുപേരുടെതും ഉള്‍പ്പെടെ നിരവധി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു.
കാഞ്ഞങ്ങാട് ടി.ബി. റോഡിലെയും കോട്ടച്ചേരിയിലെയും വീട്ടില്‍ കയറി മോഷണം നടത്തി. മോഷ്ടിച്ച മുതലുകള്‍ തിരൂർ, തിരുവനന്തപുരം തുടങ്ങിയവിടങ്ങളില്‍ കൊണ്ടുപോയി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് ഇയാള്‍ പോലിസിനു മൊഴിനല്‍കി. വിവിധ സി.സി.ടി.വി. ദൃശ്യങ്ങള്‍ക്കു പിന്നാലെ സഞ്ചരിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയും ഫോണ്‍ നമ്ബർ കണ്ടെത്തി വിളിക്കുകയും ചെയ്തു.
കാഞ്ഞങ്ങാട്ടെ ഒരു വസ്ത്രാലയത്തില്‍ ജോലിചെയ്യുന്ന ഇയാളെ ഫോണ്‍ ഉപയോഗിച്ച് തന്ത്രപൂർവം പിടിക്കുകയായിരുന്നു. റിസോർട്ടിലെ കവർച്ചയുള്‍പ്പെടെ വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ എട്ട് കേസുകളുണ്ട്. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.