ജസ്‌നാ തിരോധാനക്കേസിൽ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ലോഡ്ജ് ഉടമ ബിജു സേവിയറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവിയറിന്റെ മൊഴിയാണ് സിബിഐ രേഖപ്പെടുത്തിയത്. ലോഡ്ജിലും സിബിഐ സംഘം പരിശോധന നടത്തി.
ജസ്‌നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിനിയുടെ മൊഴി രേഖപ്പെടുത്തിയില്ല. മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘം കേസിന്റെ മറ്റ് വിവരങ്ങളും ശേഖരിച്ചു.
മുണ്ടക്കയം സ്വദേശിനിയുടെ മൊഴിയെടുക്കാൻ സിബിഐ ഇന്ന് എത്തുമെന്ന് അറിയിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ലോഡ്ജിൽ വച്ച് ജസ്നയെ കണ്ടു എന്നായിരുന്നു മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ.
ജസ്നയുടെ രൂപസാദൃശ്യമുള്ള യുവതിക്കൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇവരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.
അതേസമയം നേരത്തെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തെ കുറിച്ചും സിബിഐപരിശോധിക്കും. വെളിപ്പെടുത്തലിന് പിന്നാലെ ഇത് നിഷേധിച്ചുകൊണ്ട് ജെസ്നയുടെ പിതാവ് തന്നെ രംഗത്ത് വന്നിരുന്നു. വിവരം പരിശോധിച്ചുവെന്നും, അന്വേഷണം വഴിതെറ്റിക്കാനാണ് ശ്രമമെന്നും പിതാവ് പറഞ്ഞിരുന്നു. തന്നോടുള്ള വൈരാഗ്യമാണ് നിലവിലെ ആരോപണത്തിന് പിന്നിൽ എന്നാണ് ലോഡ്ജ് ഉടമയും പറയുന്നത്. എന്നാൽ പുറത്തു പറയാതിരുന്നത് ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്നാണ് മുണ്ടക്കയം സ്വദേശിനി പറയുന്നത്.