ബലാത്സംഗ കേസിൽ അറസ്റ്റ് തടയണം’: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ സിദ്ദിഖ്

0
277

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവനടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. അഞ്ചു വർഷം മുൻപ് സമൂഹമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ഇപ്പോൾ ബലാത്സംഗ പരാതി ഉന്നയിക്കുന്നത് തന്നെ അപമാനിക്കാനാണെന്ന് സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. മുൻകൂർ ജാമ്യഹർജിയിൽ തീർപ്പാകും വരെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ ആവശ്യം.

 

സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തു. കേസിനാസ്പദമായ സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂർണമായും വിഡിയോയിൽ ചിത്രീകരിച്ചു.

 

തെളിവുകളെല്ലാം ശേഖരിച്ച ശേഷം അറസ്റ്റിലേക്കും മറ്റു നടപടികളിലേക്കും പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിജീവിതയുടെ മൊഴി മാത്രം സ്വീകരിച്ച് കേസെടുക്കാമെന്ന സുപ്രീം കോടതി വിധിയുള്ളതിനാൽ അത് അടിസ്ഥാനമാക്കിയാണ് എല്ലാ പരാതികളിലും മുന്നോട്ടുപോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here