വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി; അവയവ നാശം മൂലം 30കാരന്‌ ദാരുണാന്ത്യം

0
1094

തുടര്‍ച്ചയായി 104 ദിവസത്തെ ജോലി. ഇതിനിടയില്‍ അവധി ലഭിച്ചത്‌ ഒരേയൊരു നാള്‍. കഠിനമായ ഈ തൊഴില്‍ ക്രമം മൂലം ഒന്നിലധികം അവയവങ്ങള്‍ക്ക്‌ നാശം വന്ന്‌ 30-കാരന്‍ മരണപ്പെട്ടു. കിഴക്കന്‍ ചൈനയിലാണ്‌ സംഭവം. ജീവനക്കാരന്റെ മരണത്തില്‍ 20 ശതമാനം ഉത്തരവാദിത്തം തൊഴില്‍ സ്ഥാപനത്തിനുണ്ടെന്ന്‌ വിധിച്ച സെജിയാങ്ങിലെ പ്രവിശ്യ കോടതി ഇയാളുടെ കുടുംബത്തിന്‌ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.

 

ദുര്‍ബലമായ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട എന്യൂമോകോക്കല്‍ അണുബാധയാണ്‌ എബാവോ എന്ന ജീവനക്കാരനില്‍ അവയവ നാശത്തിലേക്ക്‌ നയിച്ചത്‌. കോണ്‍ട്രാക്‌ട്‌ അടിസ്ഥാനത്തില്‍ ഒരു കമ്പനിക്കായി പെയിന്റടിക്കുന്ന ജോലിയാണ്‌ എബാവോ ചെയ്‌തിരുന്നത്‌. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ മേയ്‌ വരെ തുടര്‍ച്ചയായി ജോലി ചെയ്‌ത എബാവോ ഏപ്രില്‍ ആറാം തീയതി ഒരു ദിവസം മാത്രമാണ്‌ ഇടയ്‌ക്ക്‌ അവധിയെടുത്തത്‌. മേയ്‌ 25ന്‌ അസുഖബാധിതനായ എബാവോ ആ ദിവസം അവധിയെടുത്ത്‌ ഡോമില്‍ ഉറങ്ങി. മേയ്‌ 28 ഓട്‌ കൂടിയാണ്‌ രോഗനില വഷളായതിനെ തുടര്‍ന്ന്‌ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുന്നത്‌. ആശുപത്രിയില്‍ വച്ച്‌ എബാവോവിന്‌ ശ്വാസകോശ സ്‌തംഭനവും പള്‍മനറി അണുബാധയും നിര്‍ണ്ണയിക്കപ്പെട്ടു. ജൂണ്‍ 1ന്‌ ഇദ്ദേഹം മരണപ്പെടുകയും ചെയ്‌തു.

 

രോഗവും മരണവും തമ്മില്‍ 48 മണിക്കൂറിലധികം വരുന്ന ഇടവേളയുള്ളതിനാല്‍ ഇതിനെ തൊഴിലുമായി ബന്ധപ്പെട്ട മരണമായി കണക്കാക്കാനാകില്ലെന്ന്‌ സാമൂഹിക സുരക്ഷ ഉദ്യോഗസ്ഥര്‍ വാദിച്ചു. തുടര്‍ന്നാണ്‌ കമ്പനിയുടെ നിരുത്തരവാദിത്തവും മരണത്തിന്‌ കാരണമായെന്ന്‌ ചൂണ്ടിക്കാട്ടി എബാവോവിന്റെ കുടുംബം കോടതിയെ സമീപിച്ചത്‌. സാധാരണ തൊഴില്‍ സമയത്തേക്കാള്‍ ദൈര്‍ഘ്യമേറിയതായിരുന്നു എബാവോവിന്റെ തൊഴില്‍ സമയമെന്ന്‌ കോടതി നിരീക്ഷിച്ചു. ചൈനീസ്‌ തൊഴില്‍ നിയമം അനുസരിച്ച്‌ ഒരു വ്യക്തി ദിവസം പരമാവധി എട്ട്‌ മണിക്കൂറും ആഴ്‌ചയില്‍ ശരാശരി 44 മണിക്കൂറും മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂ. ജീവനക്കാരന്‌ ആവശ്യമായ ആരോഗ്യ പരിശോധന കമ്പനി ലഭ്യമാക്കിയില്ലെന്നും ഇയാളുടെ മരണത്തില്‍ 20 ശതമാനം ഉത്തരവാദിത്തം കമ്പനിക്കുണ്ടെന്നും കോടതി വിധിച്ചു. കുടുംബത്തിന്‌ 4 ലക്ഷം യുവാന്‍ (47,46,032 രൂപ) നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കമ്പനി വിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും കോടതി ഇത്‌ തള്ളി.

 

ജോലി സമ്മർദ്ദത്തെക്കുറിച്ച് കൂടുതൽ അറിയാം

 

*സമ്മർദം രണ്ടു തരം*

ഒന്ന് മികച്ച ഫലപ്രാപ്തിയിലേക്കു നയിക്കുന്നതാണെങ്കിൽ മറ്റൊന്ന് നിഷേധാത്മകമാണെന്നു മാത്രം. ഒരു പ്രത്യേക ചടങ്ങിനു വേണ്ടി കാത്തിരിക്കുക, പ്രസംഗം നന്നായി അവതരിപ്പിക്കാനുള്ള കാത്തിരിപ്പും തയാറെടുപ്പും മീറ്റിങ്ങിനു വേണ്ടി വിവരങ്ങൾ ശേഖരിച്ച് അടുക്കും ചിട്ടയോടും കൂടി അവതരിപ്പിക്കാനുള്ള തയാറെടുപ്പ് എന്നിങ്ങനെ കരിയറിൽ ഗുണകരമാവുന്ന സമ്മർദ നിമിഷങ്ങളുണ്ട്. എന്നാലിത് നിഷേധാത്മകമാകുമ്പോൾ ജോലിയെ മാത്രമല്ല, ആരോഗ്യത്തെയും സ്വകാര്യജീവിതത്തെയും ബാധിക്കും.

 

*സമ്മർദത്തിന്റെ കാരണം*

ജോലിസ്ഥലത്തെ അന്തരീക്ഷം തന്നെയാണ് സമ്മർദ്ദമുണ്ടാക്കുന്ന പ്രധാന ഘടകം. തൊഴിലുടമയിൽ നിന്നുള്ള സമ്മർദ്ദം, ഭാരിച്ച ഉത്തരവാദിത്തങ്ങൾ എന്നിങ്ങനെ ഇവയെ വേർതിരിക്കാം. സമ്മർദത്തിന്റെ ഭാരം പുറത്തെ സാഹചര്യങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നതല്ല. ചില പ്രത്യേക സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള വ്യക്തികളുടെ കഴിവില്ലായ്മയിൽ നിന്നും കരിയറിൽ പ്രശ്നങ്ങളുണ്ടാകാം. വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കുന്നതിലുള്ള വ്യക്തിയുടെ കഴിവില്ലായ്മയിൽ നിന്നാണ് പലപ്പോഴും ആകാംക്ഷയും ഉൽക്കണ്ഠയും ജനിക്കുന്നത്. സമ്മർദത്തിനു കീഴ്പ്പെടുന്നതോടെ ഏകാഗ്രതയോടെ ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാതെപോകുന്നു. ഉൽപാദനക്ഷമതയെ ബാധിക്കുന്നു. ഏതു സാഹചര്യം കൊണ്ടാണ് ഉണ്ടാകുന്നതെങ്കിലും സമ്മർദം തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിയുന്നത് അത് അനുഭവിക്കുന്ന വ്യക്തികൾക്കു തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here