സുൽത്താൻ ബത്തേരി: കർണാടക ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് വയസുകാരനടക്കം മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം. നെന്മേനി ഗോവിന്ദമൂല സ്വദേശിയും കേരള വിഷൻ സ്റ്റാഫുമായ പാഴൂർ വീട്ടിൽ ധനേഷ് (38), ഭാര്യ അഞ്ജു (27), മകൻ ഇഷാൻ കൃഷ്ണ (6) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ഗുണ്ടൽപേട്ടയിൽ സുൽത്താൻ ബത്തേരിയിലേക്ക് തിരിയുന്ന റോഡിലാണ് അപകടം ഉണ്ടായത്. കൽക്വാറിയിൽ നിന്ന് കല്ലു കയറ്റി ഗുണ്ടൽപേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ധനേഷ് റോഡിലേക്ക് തെറിച്ചു വീണു. അഞ്ജുവും മകൻ ഇഷാൻ കൃഷ്ണയും ബൈക്കും ലോറിക്കടിയിൽ പെട്ടു പോകുകയും ചെയ്തു. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
അടിയിൽപ്പെട്ട ബൈക്കിനെ ഇരുനൂറ് മീറ്ററോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. മോഹനൻ വിലാസിനി ദമ്പതികളുടെ മകനാണ് മരിച്ച ധനേഷ്.
ദിലീഷ്, ധനീഷ് എന്നിവർ സഹോദരങ്ങളാണ്.
പൂതാടി തോണിക്കുഴിയിൽ സത്യൻ- ബിന്ദു ദമ്പതികളുടെ മകളാണ് മരിച്ച അഞ്ജു. അജയ്, അതുല്യ എന്നിവർ സഹോദരങ്ങളാണ്.