കൊൽക്കത്ത∙ ഇന്ത്യയിലേക്ക് 3000 ടൺ ഹിൽസ മത്സ്യം കയറ്റി അയയ്ക്കുന്നതിന് അനുമതി നൽകി ബംഗ്ലദേശ് സർക്കാർ. ദുർഗ പൂജ സമയത്ത് മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം. ദുർഗ പൂജയ്ക്ക് മുന്നോടിയായി ഹിൽസ മത്സ്യം കയറ്റി അയയ്ക്കുന്നതിന് ബംഗ്ലദേശ് നിരോധനം ഏർപ്പെടുത്തിയത് ചർച്ചയായിരുന്നു. ബംഗ്ലദേശിലെ സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് മത്സ്യം ലഭ്യമാകുന്നില്ലെന്ന് കണ്ടായിരുന്നു നിരോധനം.
ലോകത്തിൽ ഏറ്റവും കൂടുതൽ ഹിൽസ മത്സ്യമുള്ളത് ബംഗ്ലദേശിലാണ്. ബംഗ്ലദേശിന്റെ ദേശീയ മത്സ്യമാണ് ഹിൽസ. 2012ലും ഇന്ത്യയിലേക്ക് ഹിൽസ കയറ്റി അയയ്ക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ടീസ്റ്റ നദീ ജലക്കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നായിരുന്നു നടപടി.