സ്ത്രീധന പീഡനത്തിന്റെ പേരില്‍ കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതിയെ (24) ശുചീന്ദ്രത്തെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശ്രുതിയുടെ മാതാപിതാക്കളോട് നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ നാഗര്‍കോവില്‍ ആര്‍ഡിഒ എസ്.കാളീശ്വരി നിര്‍ദേശം നല്‍കി.
ശുചീന്ദ്രം പൊലീസാണ് ഇക്കാര്യം ശ്രുതിയുടെ കുടുംബത്തെ അറിയിച്ചത്. ഈ മാസം 29ന് കുടുംബത്തോട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറു മാസം മുന്‍പ് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കിനെ വിവാഹം കഴിച്ച ശ്രുതിയെ 21നാണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശ്രുതിയുടെ പിതാവ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശുചീന്ദ്രം പൊലീസ് കേസെടുത്തു.
വിവാഹം കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ വധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം ആയതിനാല്‍ ആര്‍ഡിഒ നേരിട്ട് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ത്തിക്കിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. ചെമ്പകവല്ലി, കാര്‍ത്തിക് എന്നിവരുടെ മൊഴിയെടുത്തു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്ന് ശ്രുതി 21ന് അമ്മയ്ക്ക് വാട്‌സാപ്പിൽ സന്ദേശം അയച്ചിരുന്നു. പീഡനത്തെക്കുറിച്ച് പറയുന്ന സന്ദേശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നും സന്ദേശത്തിലുണ്ട്. ഭര്‍ത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞതായി വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.
അതേസമയം, സംഭവത്തെത്തുടര്‍ന്ന് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ആരോപണവിധേയയായ ഭര്‍തൃമാതാവ് ചെമ്പകവല്ലിയുടെ നില ഗുരുതരമായി തുടരുകയാണ്. ആശാരിപള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ചെമ്പകവല്ലിയെന്നു ശുചീന്ദ്രം പൊലീസ് അറിയിച്ചു.