സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു. പമ്പയിൽനിന്നു സന്നിധാനത്തേക്ക് മണിക്കൂറിൽ 4234 പേർ മലകയറുന്നതായാണ് പൊലീസിൽനിന്നുള്ള വിവരം. ഇന്നലെ രാത്രി ദർശനം കിട്ടാത്തവരാണ് ഇപ്പോൾ പതിനെട്ടാംപടി ചവിട്ടുന്നത്. ഹരിവരാസനം പാടി നട അടച്ച ശേഷവും പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകരുണ്ടായിരുന്നു. ഇവരുടെ നിര വലിയ നടപ്പന്തലും പിന്നിട്ട് ശരം കുത്തി ഭാഗത്തേക്ക് നീണ്ടു. പുലർച്ചെ നട തുറന്നപ്പോൾ തന്നെ ഇവരിൽ പകുതിയിലധികം ദർശനം പൂർത്തിയാക്കി.
രാത്രി മുഴുവൻ ക്യൂ നിന്നവരുടെ ദർശനം മണിക്കൂറുകൾക്കം പൂർത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സന്നിധാനത്ത് ഇന്നും മഴ പ്രതീക്ഷിക്കുന്നുണ്ട്. നെയ്യഭിഷേകം,അപ്പം, അരവണ കൗണ്ടറുകൾക്ക് മുന്നിലും ഭക്തരുടെ നീണ്ട നിരയുണ്ട്. ഇന്ന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിൽ പതിനെട്ടാംപടിയിൽ പൊലീസ് നടത്തിയ ഫൊട്ടോഷൂട്ട് ചർച്ചയാകും. പൊലീസിന്റെ നടപടി അനുചിതമായി എന്നാണ് ദേവസ്വം ബോർഡിന്റെ പൊതുവായ അഭിപ്രായം. പന്തളം കൊട്ടാരവും പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ 75,458 പേർ ദർശനം നടത്തിയെങ്കിൽ ഇന്ന് അതിൽ കൂടുതൽ തീർഥാടകർ മല ചവിട്ടുമെന്നാണ് പ്രതീക്ഷ. നിലയ്ക്കലിലും പമ്പയിലും ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ പാർക്കിങ്ങിൽ ഉൾപ്പെടെ പൂർത്തിയാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.