പാലക്കാട്∙ പുതിയ യാത്രാ സംസ്കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. എല്ലാ ബസുകളിലും ക്യാമറകൾ ഘടിപ്പിക്കും. ക്യാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ആസ്ഥാനങ്ങളിൽ ആയിരിക്കും. ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകൾ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലാണ്. അടുത്ത രണ്ടുമൂന്നു മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകാനുള്ള ഏർപ്പാടുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫിസ് മുറികളുടെയും ജീവനക്കാരുടെ ശീതീകരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകും. ജീവനക്കാർക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കും. കെഎസ്ആർടിസിയിലെ ശുചിമുറികൾ ഉടൻ ഉപയോഗയോഗ്യമാക്കും. കെഎസ്ആർടിസി ബസുകളിലെ തകരാറുകൾ യഥാസമയം പരിഹരിച്ച് നൽകിയില്ലെങ്കിൽ മെക്കാനിക് വിഭാഗത്തിലെ ബന്ധപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.