മാനന്തവാടി: മദ്യലഹരിയിൽ രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. മാനന്തവാടി സേവാഭാരതി ആംബുലൻസ് ഡ്രൈവർ തോണിച്ചാൽ സ്വദേശി രാജേഷാണ് കേസിൽ ഉൾപ്പെട്ടത്. ഇയാളെ പോലീസ് നോട്ടീസ് നൽകി വിട്ടയക്കുകയും, ആംബുലൻസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തോണിച്ചാലിൽ നിന്നും കുഴഞ്ഞുവീണ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോളാണ് സംഭവം.
മാനന്തവാടി സബ് ഇൻസ്പെക്ടർ പവനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തുടർ നടപടികൾ സ്വീകരിച്ചത്. സംഭവത്തെ തുടർന്ന് രാജേഷിനെ ഡ്രൈവർ സ്ഥാനത്ത് നിന്ന് താൽക്കാലികമായി നീക്കിയതായി സേവാഭാരതി അധികൃതർ അറിയിച്ചു.