കൊല്ലം: വ്യാജ രേഖയുണ്ടാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ എഴുകോൺ സ്വദേശിനി ആർ രാഖിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൊല്ലം ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച്ച തുറന്ന കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൈക്കുഞ്ഞുണ്ടെന്നും പരിചരിക്കാൻ താൻ അടുത്തുവേണമെന്നുമുള്ള രാഖിയുടെ ആവശ്യം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. നാളെ രാഖിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയേക്കും. രാഖിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.
ശനിയാഴ്ച്ചയാണ് വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പളളി താലൂക്ക് ഓഫിസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയ രാഖിയെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വ്യാജരേഖകള്‍ സ്വയം തയാറാക്കിയതാണെന്നാണ് യുവതിയുടെ വാദം.
എഴുകോൺ ബദാം ജങ്ഷനിൽ രാഖി നിവാസിൽ ആർ.രാഖി എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാന്‍ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പളളി താലൂക്ക് ഓഫിസില്‍ എത്തിയത്. രേഖകളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ രേഖകൾ സ്വീകരിക്കാതെ രാഖിയെ പറഞ്ഞയക്കുകയായിരുന്നു. റവന്യൂവകുപ്പിൽ ജോലി ലഭിക്കുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കളക്ടറാണ് ഒപ്പിടുന്നത്. എന്നാൽ രാഖി നൽകിയ ഉത്തരവിൽ റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍റെ ഒപ്പായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്.