തലപ്പുഴ: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടികൊണ്ട് പോയ സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘം തലപ്പുഴയില്‍ പോലീസ് പിടിയിലായി.ഇരിട്ടി നിരങ്ങന്‍ചിറ്റയിലെ അനില്‍കുമാറിനെ തട്ടികൊണ്ട് പോയ ശേഷം തലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍ പാർപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പുന്നാട് സ്വദേശി പി.വി.സുനില്‍ കുമാര്‍(34),തില്ലങ്കേരി പള്ള്യംസ്വദേശി രഞ്ചിത്ത്(30) തില്ലങ്കേരി ചാളപറമ്പിലെ വരുണ്‍(30), തില്ലങ്കേരി പടിക്കച്ചാല്‍ സ്വദേശികളായ നിധിന്(28),കെ.മനീഷ്(29) കീഴൂര്‍കുന്നിലെ സുരേഷ് ബാബു(38), തലപ്പുഴയില്‍ സൗകര്യങ്ങള്‍ ഒരുക്കികൊടുത്ത മാനന്തവാടി സ്വദേശി പ്രജില്‍ ലാല്‍(26) എന്നിവരെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. തട്ടികൊണ്ടുപോയ അനില്‍കുമാറിനെ പോലിസ് മോചിപ്പിച്ചു. അനിലിന്റെ പേരിലും വിസ വാഗ്ദാനം ചെയ്ത് കബിളിപ്പിച്ച സംഭവത്തില്‍ ഇരിട്ടി പോലിസില്‍ നേരത്തെ പരാതി ഉണ്ട്.
തലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ സംഘത്തിന്റെ നീക്കത്തെ കൂറിച്ച് സംശയം പ്രകടിപ്പിച്ച റിസോര്‍ട്ട് അധികൃതര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.
തലപ്പുഴ പോലിസെത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടികൊണ്ടുപോകല്‍ സംഭവം പുറത്താകുന്നത്. ഇരിട്ടി മേഖലയിലുള്ളവരാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഇരിട്ടി പോലിസില്‍ വിവരം അറിയിക്കുകയും പോലിസെത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പടുത്തുകയുമായിരുന്നു. രണ്ട് ദിവസം മുമ്പ് അനിലിനെ തട്ടികൊണ്ട്പോയതായി സംശമുണ്ടെന്നും കാണ്മാനില്ലെന്നും സഹോദരന് ഇരിട്ടി പോലിസില്‍ പരാതി നല്‍കിയിരുന്നു.