കൊച്ചി: വർഷങ്ങൾക്ക് മുമ്പ് സവാരിക്ക് ശേഷം ഓട്ടോ ഡ്രൈവറോട് പറഞ്ഞ കടം തിരുവനന്തപുരം സ്വദേശിയായ അധ്യാപകൻ വീട്ടിയത് മുപ്പത് വർഷങ്ങൾക്ക് ശേഷം. കോലഞ്ചേരി സ്വദേശി ബാബു വാങ്ങാതെ പോയ നൂറ് രൂപ ഓട്ടോ കൂലിയാണ് അജിത്ത് മുപ്പത് വർഷത്തിന് ശേഷം നൂറിരട്ടിയായി തിരികെ നൽകിയത്.
കഴിഞ്ഞ ദിവസം ബാബുവിന്‍റെ കോലഞ്ചേരിയിലുള്ള വീട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. സ്വയം പരിചയപ്പെടുത്തിയെങ്കിലും ബാബുവിന് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. മുപ്പത് വർഷം മുമ്പുള്ള ഒരു പകലിലെ ഓട്ടോ സവാരിയെ കുറിച്ച് ഓർമ്മിച്ചപ്പോൾ ബാബുവിന്‍റെ ഉള്ളിൽ നേരിയ തിരയിളക്കം.
1993ൽ മുവാറ്റുപുഴയിൽ ഓട്ടോ ഓടിച്ചിരുന്ന കാലത്ത് , കയ്യിലെ കാശ് തികയില്ലെന്ന് പറഞ്ഞ് സവാരി കഴിഞ്ഞ് കടം പറഞ്ഞ് പോയ ഒരു ചെറുപ്പക്കാരൻ. ആ പയ്യൻ ഇന്ന് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനാണ്. ഓർത്തെടുക്കാൻ പാടുപെട്ടെങ്കിലും അജിത്തിനെ കണ്ട ഞെട്ടൽ ബാബുവിന് മാറിയിട്ടില്ല.. ഓട്ടോ ഓടിച്ചിരുന്ന കാലത്ത് ഒരുപാട് പേർ കടം പറഞ്ഞ് പോയിട്ടുണ്ട്. പക്ഷെ ആദ്യമായാണ് ഒരാൾ വർഷങ്ങൾക്ക് ഇപ്പുറം തേടിപിടിച്ച് കാണാൻ എത്തുന്നത്.
ഒരു പരിപാടിക്കിടെ പരിചയപ്പെട്ട കോലഞ്ചേരി സ്വദേശിയാണ് അജിത്തിനെ ബാബുവിന്‍റെ വീട്ടിലെത്തിച്ചത്. കടമല്ല , ഒരു വലിയ മനസുള്ള മനുഷ്യനോടുള്ള കടപ്പാടാണ് വീട്ടിയതെന്ന് അജിത്ത് പറയുന്നു.