മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ. മോദി സമൂഹത്തോടുള്ള അനാദരവാണ് രാഹുലിന്റെ പരാമർശം. കോൺഗ്രസ് നേതാവ് ഉപയോഗിച്ച ഭാഷ അത്യന്തം അപലപനീയമാണ്. ശിക്ഷാവിധി സസ്‌പെൻഡ് ചെയ്യാനുള്ള സുപ്രീം കോടതി തീരുമാനം കേസിന്റെ മെറിറ്റ് കൊണ്ടല്ല, മറിച്ച് രാഹുലിൻ്റെ മണ്ഡലത്തെക്കുറിച്ചുള്ള ആശങ്കകൾ മൂലമാണെന്നും ഹരീഷ് സാൽവെ.
‘ഒരു പൊതുപ്രവർത്തകനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് രാഹുൽ നടത്തിയത്. രാഹുലിനെപ്പോലൊരാളിൽ നിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. രാഹുൽ ഗാന്ധി കുറ്റക്കാരനാണോ അല്ലയോ എന്നതല്ല വിഷയം. തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക, അനാദരവോടെ സംസാരിക്കുക, എന്നിട്ട് ഒരു പൊതുപ്രവർത്തകനാണെന്ന് അവകാശപ്പെടുകയുമാണ് രാഹുൽ ചെയ്യുന്നത്. എത്ര തള്ളിപ്പറഞ്ഞാലും പ്രധാനമന്ത്രിയാകാൻ രാഹുൽ സ്വപ്നം കാണുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം’ – ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘രാഹുൽ പറഞ്ഞത് തെറ്റാണെന്നും ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതി ജഡ്ജിമാർ തന്നെ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ അപ്പീൽ കോടതി അംഗീകരിക്കാൻ കാരണം, വയനാടിനെക്കുറിച്ച് ഓർത്തിട്ടാണ്. ഒരു തീരുമാനമാകുന്നതുവരെ രാഹുൽ മണ്ഡലത്തെ പ്രതിനിധീകരിക്കണം. അതുകൊണ്ട് മാത്രമാണ് ശിക്ഷ സ്റ്റേ ചെയ്തതെന്നും ഹരീഷ് സാൽവെ പറഞ്ഞു.