വടകര ∙ ചോറോട് ഓവർ ബ്രിജിന് സമീപം രണ്ടംഗ മുഖംമൂടി സംഘം വീട്ടമ്മക്കു നേരെ കത്തികാട്ടി അഞ്ചരപവൻ മാല കവർന്നു. തൂമാടത്ത് താമസിക്കുന്ന ജ്യോതിയുടെ മാലയാണ് കവർന്നത്. വീട്ടിന്റെ മുറ്റം അടിച്ചുവാരുന്നതിനിടയിലാണ് ഹെൽമറ്റും മാസ്കും ധരിച്ച് എത്തിയ രണ്ട് പേർ ജ്യോതിയോട് വീട്ടിൽ ആണുങ്ങൾ ഉണ്ടോ എന്ന് ചോദിച്ചത്. അവർ ഉറങ്ങുകയാണെന്ന് മറുപടി പറഞ്ഞ ഉടനെ ജ്യോതിയുടെ കൈകൾ ബലമായി പിറകോട്ട് മാറ്റി കഴുത്തിൽ കത്തിവച്ച് സ്വർണമാല ഊരിയെടുക്കുകയായിരുന്നു.
ശബ്ദം പുറത്തേക്ക് വരാതെ പ്രയാസപ്പെട്ടുപോയ ജ്യോതി പിന്നിട് മകനെ വിളിച്ചു ബഹളം വച്ചു. അതിനിടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഉറങ്ങുകയായിരുന്ന മകൻ ഹരിരാജ് പുറത്ത് വന്നപ്പോഴാണ് സംഭവം അറിയുന്നത്. ചാനിയം കടവിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഈ കുടുംബം ചോറോട് താമസം മാറിയെത്തിയത്. എസ്ഐ എ.കെ. സജീഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.