‘വനവാസി’ പ്രയോഗത്തിനെതിരെ രാഹുൽ ഗാന്ധി

0
653

വനവാസി എന്നാണ് ഒരു വിഭാഗം ആളുകൾ ആദിവാസികളെ വിളിക്കുന്നതെന്നും ആദിവാസികളെ വനത്തിനുള്ളിൽ പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. രാജ്യവുമായി ആദിവാസികളുടെ ബന്ധത്തെ ഇല്ലാതാക്കാനാണ് ശ്രമം. അവർ വനം വിട്ട് എവിടെയും പോകരുത് എന്നാണ് ഇത്തരക്കാരുടെ ഉദ്ദേശം. ഇത് തങ്ങൾ അംഗീകരിക്കില്ലെന്നും ആദിവാസി ഭൂമിയുടെ യഥാർഥ അവകാശികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

ആദിവാസികൾ എന്നത് പ്രത്യേക ചിന്താരീതിയാണ്. ഭൂമി, പരിസ്ഥിതി എന്നിവയെ കുറിച്ച് ധാരണയുള്ളവർ എന്നാണ് അതിന്റെ അർത്ഥം. രാജ്യത്തിൻ്റെ യഥാർഥ അവകാശികൾ ഗോത്ര സമൂഹമാണ്. ഭൂമിയുടെ അവകാശികൾക്ക് ആ അവകാശം നൽകേണ്ടത് അത്യാവശ്യമാണ്. ഉന്നത വിദ്യാഭ്യാസം നിർവഹിക്കാൻ ആദിവാസി സമുഹത്തിന് കഴിയണം. വനാവകാശ നിയമപ്രകാരം അത്തരം അവകാശങ്ങളുണ്ട്.

 

എല്ലാ അവസരങ്ങളും ആദിവാസി സമൂഹത്തിന് ലഭിക്കേണ്ടതുണ്ട്. ആശയപരമായി തനിക്ക് ഇടതു പക്ഷത്തോട് വിരോധമുണ്ട്. എന്നാൽ തന്റെ എം.പി സ്ഥാനം റദ്ദാക്കിയപ്പോൾ അവർ പ്രതിഷേധിച്ചത് കക്ഷി രാഷ്ട്രീയമില്ലാതെയാണ്.

തന്റെ മണ്ഡലമായ വയനാട്ടിൽ വീണ്ടുമെത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

 

ലോക്‌സഭാംഗത്വം പുനസ്ഥാപിക്കപ്പെട്ട ശേഷം വയനാട് മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിക്കുന്നത്. കൽപ്പറ്റയിൽ നടന്ന പൊതു സമ്മേളനത്തിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. മണിപ്പൂരിൽ ഭാരതമാതാവ് കൊലചെയ്യപ്പെട്ടെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. ഇന്ത്യയെന്ന മഹത്തായ ആശയം നശിപ്പിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചിരിക്കുകയാണെന്ന് വിമർശിച്ച രാഹുൽ, മണിപ്പൂരിലെ ഐക്യം കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്നും വ്യക്തമാക്കി.

 

നാല് മാസത്തിന് ശേഷം മണ്ഡലത്തിലെത്തിയ രാഹുൽഗാന്ധിക്ക് ലഭിച്ചത് ഊഷ്മള വരവേൽപ്പാണ്. പതിനെട്ട് മിനിറ്റ് മാത്രം ദൈർഘ്യമുണ്ടായിരുന്ന പ്രസംഗത്തിലുടനീളം കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു രാഹുൽ. സംഘർഷഭരിതമായ മണിപ്പൂരിൽ എത്തിയതിൻറെ നേരനുഭവങ്ങൾ പങ്കുവച്ചായിരുന്നു രാഹുൽഗാന്ധി സംസാരിച്ച് തുടങ്ങിയത്. മണിപ്പൂരിൽ ഭാരതമാതാവിന്റെ ഹത്യനടന്നുവെന്ന് രാഹുൽ ആവർത്തിച്ചു.

 

ഇന്ത്യയെന്ന മഹത്തായ ആശയം നശിപ്പിച്ച് പ്രധാനമന്ത്രി ചിരിക്കുകയാണ്. പാർലമെൻറിൽ നരേന്ദ്രമോദി രണ്ടരമണിക്കൂർ പ്രസംഗിച്ചപ്പോൾ രണ്ട് മിനിറ്റ് മാത്രമാണ് മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. എങ്ങനെയാണിത് സാധിക്കുന്നതെന്നും രാഹുൽ ചോദിച്ചു.

 

മണിപ്പൂരിനെ ഇഴയടുപ്പത്തിലേക്ക് കൊണ്ടുവരാനുള്ള ദൗത്യം കോൺഗ്രസ് നടപ്പാക്കും. കുടുംബം എന്ന യാഥാർത്ഥ്യത്തെ ബിജെപിക്കും ആർഎസ്എസിനും മനസിലാകില്ല. എത്രതവണ വേർപ്പെടുത്താൻ ശ്രമിച്ചാലും വയനാടുമായുള്ള ബന്ധം ശക്തിപ്പെടുമെന്നും രാഹുൽ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ വയനാട് നൽകിയ സ്‌നേഹത്തിനും സംരക്ഷണത്തിനും ആദരവിനും രാഹുൽ നന്ദി പറഞ്ഞു. കൈത്താങ്ങ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച 9 വീടുകളുടെ താക്കോൽദാനവും എംപി നിർവഹിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here