മകൻ മരിച്ചതറിയാതെ മൂന്നുദിവസമായി മൃതദേഹത്തിന് കാവൽ നിന്ന അമ്മ കോഴിക്കോട് വളയം നിവാസികളുടെ നൊമ്പരമായി. വളയത്തെ മൂന്നാം കുനി രമേശനാണ് മരിച്ചത്, അമ്മയുടെ വാർധക്യ കാല പെൻഷൻ എത്തിക്കാനെത്തിയ ആളാണ് സംഭവം ആദ്യം അറിഞ്ഞത്.
വളയം കല്ലുനിരയിൽ മൂനാം കുനി രമേശൻ (45) എന്നയാളാണ് വീട്ടിനകത്ത് കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടത്. അമ്മ മന്ദിക്ക് പെൻഷൻ നൽകാൻ രാവിലെ സ്ഥലത്തെത്തിയ ജീവനക്കാരനാണ് വീട്ടിനകത്ത് കട്ടിലിൽ മരിച്ച് കിടക്കുന്ന മകനെയും ഒപ്പമിരിക്കുന്ന അമ്മയെയും കണ്ടത്. അമ്മ കട്ടിലിന് സമീപമിരുന്ന് മൃതദേഹത്തിലുണ്ടായ ഈച്ചയെ മാറ്റുകയായിരുന്നു.
വിവരമറിയിച്ചതോടെ വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. അമ്മയും മകനും മാത്രമേ ഈ വീട്ടിൽ താമസക്കാരായി ഉണ്ടായിരുന്നുള്ളൂവെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് വിവരം.