തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ വർദ്ധനയെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 2234 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരള പൊലീസ് ഓദ്യോഗിക വെബ്സൈറ്റിൽ നൽകിയ വിവരം അനുസരിച്ച് 2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഏറ്റവുമധികം പോക്സോ കേസുകൾ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം സിറ്റി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 94 കേസുകളും റൂറല്‍ പരിധിയില്‍ 175 കേസുകളും ഉള്‍പ്പെടെ 269 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.
പോക്സോ കേസുകളിൽ രണ്ടാമത് മലപ്പുറം, എറണാകുളം ജില്ലകളാണ്. മലപ്പുറത്തും എറണാകുളത്തും 255 പോക്സോ കേസുകൾ വീതമാണ് ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കോഴിക്കോട് 221 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയില്‍ 196, പാലക്കാട് 170 , തൃശൂര്‍ 169, കോട്ടയം 144, കണ്ണൂര്‍ 137, ആലപ്പുഴ 122, കാസര്‍ഗോഡ് 102, ഇടുക്കി 96, വയനാട് 96, പത്തനംതിട്ട 91 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോക്സോ കേസുകളുടെ സ്ഥിതിവിവരം.
18 വയസിൽ താഴെയുള്ളവർക്കെതിരായ(പെൺകുട്ടികളും ആൺകുട്ടികളും) ലൈംഗിക അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെയാണ് 2012ൽ പോക്സോ ആക്ട് നടപ്പാക്കിയത്. പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, ലൈംഗിക അതിക്രമം കൂടാതെ, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക അക്രമ കുറ്റമായി കാണുന്നുവെന്നതാണ് പോക്‌സോയുടെ പ്രത്യേകത. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.