ഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരായക്കിയെന്ന പരാതിയിൽ ഡൽഹിയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്സോ കേസ്. സുഹൃത്തിന്റെ 14 വയസ്സുള്ള മകളെയാണ് പീഡിപ്പിച്ചത്. ഐപിസി, പോക്സോ വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെതരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഉദ്യോഗസ്ഥൻ. 2020 കുട്ടിയുടെ പിതാവ് മരണപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ഇയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. 2020 നും 2021 നും ഇടയിൽ നിരവധി തവണ പെൺകുട്ടിയെ ഉദ്യോഗസ്ഥൻ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
പെൺകുട്ടി ഗർഭിണിയായപ്പോൾ ഇയാൾ ഭാര്യയോട് വിവരം പറഞ്ഞു. മകനെ കൊണ്ട് ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ വാങ്ങിയത് ഭാര്യയാണെന്നും വീട്ടിൽ വെച്ച് ഗർഭം അലസിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകിയതായാണ് റിപ്പോർട്ട്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞിട്ടും സ്ത്രീ ഭർത്താവിന് കൂട്ടുനിൽക്കുകയും വിവരം പുറത്തറിയിക്കാതിരിക്കുകയും ചെയ്തതിന് സെക്ഷൻ 120-ബി (കുറ്റകരമായ ഗൂഢാലോചന) ആണ് ഭാര്യയ്ക്കെതിരെ ചുമത്തിയത്.
പെൺകുട്ടി നിലവിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തും.