രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ ബന്ധുക്കൾ തല്ലിക്കൊന്നു. വളർത്തു പന്നികൾ കൃഷി നശിപ്പിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. വടിയും കാർഷികോപകരണങ്ങളുമായി എത്തിയ 10 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് ദാരുണമായ സംഭവം. നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഒർമാൻജി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഝാൻജി തോല ഗ്രാമത്തിലാണ് ഒരു കുടുംബം ആക്രമിക്കപ്പെട്ടത്. ഇവർ വളർത്തിയ പന്നികൾ ദിവസങ്ങൾക്കുമുമ്പ് ബന്ധുവിന്റെ കൃഷി നശിപ്പിച്ചിരുന്നു.
ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നതായി റാഞ്ചി റൂറൽ പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമാൻ പിടിഐയോട് പറഞ്ഞു. ‘വ്യാഴാഴ്ച രാവിലെ 11 മണിയോടെ വടികളും കാർഷികോപകരണങ്ങളുമായി 10 ഓളം പേർ കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. രണ്ട് സ്ത്രീകളടക്കം കുടുംബത്തിലെ മൂന്ന് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു’- സൂപ്രണ്ട് വ്യക്തമാക്കി.
ജനേശ്വർ ബേഡിയ (42), സരിതാ ദേവി (39), സഞ്ജു ദേവി (25) എന്നിവർക്കാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഗ്രാമത്തിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും’- സമാൻ കൂട്ടിച്ചേർത്തു.