മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മക്ക് പൊലീസ് ഭീഷണി

0
592

മോഷണക്കേസിൽ പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മയ്ക്ക് പൊലീസിന്റെ ഭീഷണി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്ന് സഹോദരൻ വ്യക്തമാക്കി. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിയില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് സഹോദരന്‍ പറയുന്നു. ഡിജിപിക്ക് പരാതി നൽകി സഹോദരൻ.

 

എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ആരോപണം തള്ളി. കേസ് പിൻവലിക്കാനുള്ള നടപടി തുടങ്ങിയത് ഭാരതിയമ്മയുടെ ആവശ്യപ്രകാരമെന്ന് വിശദീകരണം. തന്നെ അകാരണമായി അറസ്റ്റ് ചെയ്ത് കോടതി കയറ്റിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതിയമ്മ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഭീഷണി.

 

1998ല്‍ എടുത്ത കേസിലാണ് ഭാരതിയമ്മ കഴിഞ്ഞമാസം കുറ്റവിമുക്തയായത്. വെണ്ണക്കര സ്വദേശിയായ രാജഗോപാലിന്റെ വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീക്കെതിരെ ചുമത്തിയ കേസാണ് ഭാരതിയമ്മയെ കുടുക്കിയത്. ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് പറഞ്ഞതില്‍ പ്രതിഷേധിച്ച് വീട്ടുജോലിക്കാരി വീട്ടിലെ ചെടിച്ചട്ടിയും ജനല്‍ചില്ലും തകര്‍ത്തു, അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടുടമയായ രാജഗോപാല്‍ പാലക്കാട് സൗത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് ഭാരതിയമ്മ എന്നായിരുന്നു വീട്ടുജോലിക്കാരി നല്‍കിയിരുന്ന പേര്. വീട്ടുപേര് യഥാര്‍ത്ഥ ഭാരതിയമ്മയുടേതും നല്‍കി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ വീട്ടുജോലിക്കാരി ഒളിവില്‍ പോയി. കേസ് അന്വേഷിച്ച പൊലീസ് 20 വര്‍ഷത്തിന് ശേഷം വീട്ടുവിലാസത്തില്‍ ഭാരതിയമ്മയെ അന്വേഷിച്ചെത്തി. ചെയ്യാത്ത കുറ്റത്തിന് ഭാരതിയമ്മയ്ക്ക് പിറ്റേന്ന് കോടതിയില്‍ ഹാജരാകേണ്ടി വന്നു.

 

നാലു വര്‍ഷത്തിനിടയ്ക്ക് മൂന്നും നാലും തവണ കോടതി കയറിയിറങ്ങിയെന്നും ഭാരതിയമ്മ പറയുന്നു. പ്രതിയുടെ പേര് ഭാരതിയമ്മ എന്നാണെന്നും ഒരേ വിലാസമാണെന്നുമാണ് പാലക്കാട് സൗത്ത് പൊലീസ് പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here