കർണാടക സർക്കാർ ഞായറാഴ്ച ബെംഗളൂരുവിലെ വിധാൻ സൗധയ്ക്ക് മുന്നിൽ ‘ശക്തി’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നടത്തിയ അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ ആദ്യത്തേതാണ് സർക്കാർ നിറവേറ്റിയിരിക്കുന്നത്. എല്ലാ നോൺ എസി സർക്കാർ ബസുകളിലും സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് സൗജന്യമായി യാത്രാ ചെയ്യാൻ കഴിയുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറും ചേർന്ന് ഗുണഭോക്താക്കൾക്ക് ‘ശക്തി’ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തു.
സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും ജൂൺ 11 മുതൽ ‘സേവാ സിന്ധു’ സർക്കാർ പോർട്ടലിൽ കാർഡിനായി അപേക്ഷിക്കാമെന്നും മൂന്ന് മാസത്തിനുള്ളിൽ സ്മാർട്ട് കാർഡ് നൽകുമെന്നും സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദ്ദേശപ്രകാരം ചുമതലയുള്ള മന്ത്രിമാരും എംഎൽഎമാരും സംസ്ഥാനത്തുടനീളമുള്ള അവരവരുടെ ജില്ലകളിലും മണ്ഡലങ്ങളിലും പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഈ സൗജന്യ ബസ് സർവീസ് പ്രതിദിനം 41.8 ലക്ഷത്തിലധികം സ്ത്രീ യാത്രക്കാർക്ക് പ്രയോജനം ചെയ്യുമെന്നും സംസ്ഥാന ഖജനാവിന് പ്രതിവർഷം 4,051.56 കോടി രൂപയുടെ ചെലവ് വരുമെന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അമേരിക്കയിൽ ഏകദേശം 53% ഉം ചൈനയിൽ 54% ഉം ഓസ്‌ട്രേലിയയിൽ 57%ഉം ഇന്തോനേഷ്യയിൽ 57%ഉം ആണ് സ്ത്രീകളുടെ പങ്കാളിത്തമെങ്കിൽ ബംഗ്ലാദേശിൽ ഇത് 30%ഉം ഇന്ത്യയിൽ ഇത് വെറും 24%ഉം ആണെന്ന് വികസിത രാജ്യങ്ങളിലെയും ഇന്ത്യയിലെയും സ്ത്രീകളുടെ പങ്കാളിത്തം താരതമ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2014 ന് ശേഷമാണ് നിരക്ക് രാജ്യത്ത് 30% ൽ നിന്ന് 24% ആയി കുറഞ്ഞത്. കൂടുതൽ സ്ത്രീ പങ്കാളിത്തമുള്ള രാജ്യങ്ങൾ കൂടുതൽ വികസിക്കുമെന്നും സ്ത്രീകൾ ശാക്തീകരിക്കപ്പെടുമ്പോൾ സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ ക്രമേണ ഇല്ലാതാക്കാൻ കഴിയുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.