ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തില്‍ അനുകൂല നിലപാടുമായി നിയമകമ്മിഷന്‍. കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ചേക്കും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിലപാടറിയിക്കുമെന്ന് നിയമ കമ്മിഷന്‍ വ്യക്തമാക്കി. നിലപാടില്‍ അന്തിമ ധാരണയിലെത്താന്‍ ഇന്ന് നിയമകമ്മിഷന്‍ യോഗം ചേരും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും നിയമകമ്മീഷന്റെയും അഭിപ്രായം തേടാനുള്ള തീരുമാനത്തിലേക്ക് കേന്ദ്രമെത്തുകയായിരുന്നു. ദേശീയ – സംസ്ഥാന പാര്‍ട്ടികള്‍ , സംസ്ഥാനങ്ങളില്‍ ഭരണമുള്ള പാര്‍ട്ടി, ലോക്‌സഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികള്‍ എന്നിവരുടെയും അഭിപ്രായം തേടും. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,ഗുലാം നബി ആസാദ്, ഹരീഷ് സാല്‍വെ, എന്‍.കെ.സിങ്, ഡോ.സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് അഭിപ്രായം തേടിയുള്ള തീരുമാനം. എട്ടംഗ സമിതിയാണ് രൂപീകരിച്ചതെങ്കിലും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സമിതിയില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്നു.
2018 ലോ കമ്മീഷന്‍ നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അവ എട്ടംഗ സമിതി പരിശോധിക്കും. ഭരണഘടനയിലെ നിലവിലെ ചട്ടപ്രകാരം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ലന്നായിരുന്നു ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ സമിതി അന്ന് നിരീക്ഷിച്ചത്. 50 % സംസ്ഥാനങ്ങളെങ്കിലും ഭരണഘടനാ ഭേദഗതികള്‍ അംഗീകരിക്കണമെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ല് പ്രാവര്‍ത്തികമായ പ്രാദേശിക പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാകും.