മാനന്തവാടി: ലോഡ്ജ് ജീവനക്കാരനായ രാജനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. കണ്ണൂർ പിണറായി അണ്ടല്ലൂർ കടവ് കണ്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമീർ (23), കണ്ണൂർ കോടിയേരി മൂഴിക്കര ശ്രീരാഗ് വീട്ടിൽ മിൽഹാസ് (22) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ഹെൽമറ്റ്, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ച് പ്രതികൾ ക്രൂരമായി ആക്രമിച്ചതിൽ പരാതിക്കാരന്റെ മൂക്കിന്റെ എല്ല് പൊട്ടി സാരമായി പരിക്ക് പറ്റിയതായി വ്യക്തമായതിനാൽ ജാമ്യമില്ലാവകുപ്പുകൾ കൂട്ടി ചേർത്താണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മാനന്തവാടി എരുമത്തെരുവിലെ സന്നിധി ലോഡ്ജിലാണ് പ്രതികൾ അക്രമം നടത്തിയത്. തുടർന്ന് ഇരുവർക്കുമെതിരെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ തങ്ങൾക്കും മർദനമേറ്റതായി പരാതി ഉന്നയിച്ച പ്രതികൾ ചികിത്സ തേടിയ ശേഷം നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ക്രൂരമായി മർദിച്ചെന്ന രാജന്റെ മൊഴിയുടെയും, സിസിടിവി ദൃശ്യങ്ങളുടേയും ചികിത്സാ രേഖകളുടെയും അടിസ്ഥാനത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ ഇരുവരേയും വീട്ടിലെത്തി പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇരുവരും സഞ്ചരിച്ചിരുന്ന കെ എൽ 58 എ ഇ 0427 വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ മുൻപ് ലഹരി കേസുകളിൽപ്പെട്ടവരാണ്.
എസ്.ഐ കെ.കെ. സോബിൻ, എ.എസ്.ഐ സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റാംസൺ, മനു അഗസ്റ്റിൻ, ജാസിം ഫൈസൽ, ചന്ദ്രകുമാർ സിവിൽ പോലീസ് ഓഫീസർ സുകുമാരൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.