സർക്കാർ പദ്ധതികളുടെ കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കരാറുകാർ സമരത്തിലേക്ക്. വാട്ടർ അതോറിറ്റിയിൽ അറ്റകുറ്റപ്പണി നടത്തിയ വകയിൽ 16 മാസത്തെ കുടിശ്ശികയാണ് കരാറുകാർക്ക് കിട്ടാനുള്ളത്. പണി പൂർത്തിയായാലും ഉദ്യോഗസ്ഥർ ഫയലുകളിൽ തീരുമാനമെടുക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. നാളെ കോഴിക്കോട് മാനാഞ്ചിറ സബ് ട്രഷറി ഓഫീസിനു മുന്നിൽ ഗവൺമെൻറ് കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും.
സംസ്ഥാനത്ത് സർക്കാരിന്റെ വിവിധ വകുപ്പുകളിലായി പി.ഡബ്ല്യു.ഡി, എൽ.എസ്.ജി.ഡി, കെ.ഡബ്ല്യു.എ ഗവൺമെൻറ് കരാറുകാർക്ക് കോടികളുടെ കുടിശ്ശികയാണുള്ളത്. കഴിഞ്ഞ മാർച്ചിൽ എൽ.എസ്.ജി.ഡിയിൽ പൂർത്തീകരിച്ച കരാറുകാരുടെ ബില്ലുകൾ ഇപ്പോഴും ട്രഷറിയിൽ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് പരാതി. കേരള വാട്ടർ അതോറിറ്റിയിൽ അറ്റകുറ്റപ്പണി നടത്തിയ വകയിൽ കൊടുത്തു തീർക്കാനുള്ളത് 16 മാസത്തെ കുടിശ്ശിക.
കിഫ്ബി പ്രവർത്തികൾ ഏറ്റെടുത്തവർക്കും രണ്ടുവർഷം മുൻപുള്ള കുടിശ്ശിക കൊടുത്തുതീർത്തിട്ടില്ലെന്ന് കരാറുകൾ പറയുന്നു. ഇതോടെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് ഗവൺമെൻറ് കരാറുകാരുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കുടിശ്ശിക കൊടുത്തുതീർക്കുന്നത് വൈകാൻ കാരണം എന്ന് വിശദീകരണം കരാറുകാർ തള്ളുന്നു. ഉദ്യോഗസ്ഥരുടെ അലംഭാവവും പ്രതിസന്ധിക്ക് കാരണമാകുന്നതാണ് ഇവരുടെ ആരോപണം.