വിനയായത് 6 വർഷം മുൻപ് ഉപേക്ഷിച്ച മൊബൈൽ നമ്പർ; ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം അസമിലേക്ക്

0
517

കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം അസമിലേക്ക്. തട്ടിപ്പിനിരയായ മീഞ്ചന്ത സ്വദേശി പി.കെ. ഫാത്തിമബി വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്ന അസം സ്വദേശിയാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായി.ആസൂത്രിത തട്ടിപ്പായതിനാൽ പിന്നിൽ ഒന്നിലധികം പേരുണ്ടാവുമെന്നാണ് പൊലീസ് സംശയിക്കുന്നത്.

 

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ വീട്ടമ്മ ആറുവർഷം മുമ്പ് ഉപേക്ഷിച്ചെങ്കിലും ഇത് ബാങ്കിന്റെ രേഖകളിൽനിന്ന് ഒഴിവാക്കിയിരുന്നില്ല. ഇതാണ് ലക്ഷക്കണക്കിന് രൂപ അപഹരിക്കുന്നതിന് പ്രതിക്ക് അവസരമായത് എന്നാണ് നിഗമനം. വീട്ടമ്മയുടെ അക്കൗണ്ടിലെ പണം യു.പി.ഐ വഴി ഒരു അക്കൗണ്ടിലേക്കാണ് പോയതെന്നും പണം പിൻവലിച്ചയാളുടെ യു.പി.ഐ അക്കൗണ്ടിലും വീട്ടമ്മയുടെ പഴയ മൊബൈൽ നമ്പർതന്നെയാണുള്ളതെന്നും ഇതിനകം കണ്ടെത്തിയിരുന്നു.

 

ഇയാളുടെ മൊബൈൽ നമ്പറുകൾ ലഭ്യമായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ പന്നിയങ്കര പൊലീസിന് ലഭ്യമായി. ആസൂത്രിത തട്ടിപ്പായതിനാൽ പിന്നിൽ ഒന്നിലധികം പേരുണ്ടാവുമെന്നാണ് പൊലീസ് സംശയിക്കുന്നത്.പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് സംഘം അസമിലേക്ക് പോകുo. നിലവിൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ നോക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

അതെസമയം, ബാങ്കിന്റെ ആപ് വഴി ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് രണ്ട് യു.പി.ഐ അക്കൗണ്ട് തുടങ്ങാനാവില്ലെന്നതിനാൽ ബാങ്കിന്റെ സാങ്കേതിക വിദഗ്ധ സമിതിയും തട്ടിപ്പിൽ അന്വേഷണം നടത്തുന്നുണ്ട്.500 രൂപ മുതൽ ഒരുലക്ഷം വരെ എന്ന തോതിൽ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് അക്കൗണ്ടിലെ 19 ലക്ഷം പ്രതി പിൻവലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here