ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത് ഇത് വരെ 524 മരങ്ങൾ കടപുഴകിയതായി റിപ്പോർട്ടുകൾ പുറത്ത്. ജാം നഗറിലും ദ്വാരക പന്തകിലും ശക്തമായ കാറ്റും മഴയും തുടരുന്നുണ്ട്. സൗരാഷ്ട്രയിലും കച്ച് മേഖയിലും റെഡ് അലേർട്ട് നൽകിയിട്ടുണ്ട്.
മോർബിയിൽ വൈദ്യുത പോസ്റ്റുകളും കമ്പികളും തകർന്നു. പോർബന്തറിൽ വ്യാപക നാശനഷ്ടം. ദ്വാരകയിൽ മരം വീണു മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകി വീണിട്ടുണ്ട്. അഹമ്മദാബാദിൽ ഒമ്പത് സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായി. അഞ്ച് സ്ഥലങ്ങളിൽ മരം കടപുഴകി വീണ് റോഡുഗതാഗതം തടസ്സപ്പെട്ടു. കാറ്റിലും മഴയിലുമായി ഇതുവരെ 22 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നും കനത്ത മഴ ഉണ്ടാകുമെന്നും ഗുജറാത്തിലെ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവിൽ ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ചിലെ ജഖുവിന് മുകളിലൂടെ കടന്നുപോകുന്നു. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.30 ഓടെ തെക്കൻ പാകിസ്ഥാൻ വഴി രാജസ്ഥാനിലെ ബാർമറിലേക്ക് എത്തും. ഭുജിലും ശക്തമായ മഴ തുടരുന്നു.
ഇന്നലെ വൈകീട്ട് 6.30 ഓടെ തീരം തൊട്ട ചുഴലികാറ്റ് അർദ്ധ രാത്രിക്ക് ശേഷമാണ് പൂർണ്ണമായും കരയിൽ എത്തിയത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ ആണ് ചുഴലി കാറ്റ്, കച് – സൗരാഷ്ട്ര മേഖലയിൽ വീശി അടിച്ചത്. ദ്വാരക, പോർബന്ധർ, മോർബി തുടങ്ങിയ ഗുജറാത്തിന്റെ പടിഞ്ഞാറൻ തീര ജില്ലകളിൽ, ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ഗുജറാത്ത് തീരത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. തീരപ്രദേശങ്ങളിൽ വെള്ളം കയറി. രാജസ്ഥാന്റെ പടിഞ്ഞാറൻ പ്രദേശത്തും ശക്തമായ മഴയും കാറ്റും തുടരുകയാണ്.