ലോഡ്ജിൽ മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവിനെതിരെ കേസ്

0
111

ഗുരുവായൂരിൽ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. കുട്ടികളുടെ പിതാവ് വയനാട് സ്വദേശി ചന്ദ്രശേഖരനെതിരെ (58) പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ദേവനന്ദന (8) , ശിവനന്ദന (12) എന്നീ കുട്ടികളെയാണ് അച്ഛനായ ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. ചന്ദ്രശേഖരന്റെ ഡയറിയിലെ കുറിപ്പും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളെ കൊലപ്പെടുത്തിയ രീതി ചന്ദ്രശേഖരൻ ഡയറിയിൽ എഴുതിയിരുന്നു.

 

ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലെ ലോഡ്ജില്‍ ജൂൺ 12 ന് രാത്രിയാണ് ചന്ദ്രശേഖരനും മക്കളായ പന്ത്രണ്ടുകാരി ശിവനന്ദന, എട്ട് വയസ്സുള്ള ദേവനന്ദന എന്നിവരും മുറിയെടുത്തത്. അടുത്ത ദിവസം രാവിലെ എഴ് മണിയോടെ ചന്ദ്രശേഖരനെ ഹോട്ടലിന് പുറത്തു കണ്ടിരുന്നു. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ മുറി ഒഴിയേണ്ടതായിരുന്നു. എന്നാൽ മൂവരും ഹോട്ടൽ മുറി ഒഴിഞ്ഞില്ല. ഇതേ തുടർന്ന് ഹോട്ടല്‍ ജീവനക്കാര്‍ വാതിലില്‍ തട്ടി നോക്കിയെങ്കിലും പ്രതികരണം ഉണ്ടായില്ല.

 

സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. ഹോട്ടലിന്റെ പൂട്ടു തകര്‍ത്ത പൊലീസ് സംഘം അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. കുട്ടികളിലൊരാള്‍ കിടക്കയില്‍ മരിച്ചു കിടക്കുകയായിരുന്നു. മറ്റെയാളെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കൈഞരമ്പ് മുറിച്ച് വിഷം കഴിച്ച് അവശ നിലയില്‍ ചന്ദ്രശേഖരനെ ശുചിമുറിയിലാണ് കണ്ടെത്തിയത്.

 

ചന്ദ്രശേഖരന് ജീവനുണ്ടെന്ന് മനസ്സിലായതോടെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. 15 കൊല്ലം മുമ്പാണ് വയനാട് സ്വദേശി ചന്ദ്രശേഖരന്‍ തൃശൂരിലെത്തിയത്. ഇവിടെ വച്ച് രണ്ടാമതും വിവാഹിതനായി. ഭാര്യ അടുത്തിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.അമ്മയില്ലാതെ ജീവിക്കാൻ ആകുന്നില്ലെന്ന് കുട്ടികൾ പറഞ്ഞതായി പറയപ്പെടുന്നു. കുട്ടികളില്‍ ഒരാള്‍ അസുഖ ബാധിതയുമായിരുന്നു. ഇതൊക്കെയാണ് കൊലപാതകത്തിനും ആത്മഹത്യാശ്രമത്തിനും കാരണമെന്നാണ് സംശയം.

LEAVE A REPLY

Please enter your comment!
Please enter your name here