കന്യാകുമാരി: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അരിക്കൊമ്പന്‍റെ റേഡിയോ കോളറിൽനിന്നുള്ള സിഗ്നലുകൾ ഇടയ്ക്കിടെ മുറിയുന്നതായി റിപ്പോർട്ട്. കാട്ടാന ഉൾവനത്തിലേക്ക് പോയതുകൊണ്ടാകുമെന്നാണ് സിഗ്നലുകൾ ഇടയ്ക്കിടെ ലഭിക്കാതാകുന്നതെന്നാണ് സൂചന. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്നലെ രാവിലെ ഒമ്പതുമണിക്ക് ലഭിച്ച സിഗ്നൽ അനുസരിച്ച് അരിക്കൊമ്പൻ കോതയാർ ഡാമിന്‍റെ 200-300 മീറ്റർ പരിധിയിലുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാൽ പിന്നീട് സിഗ്നൽ നഷ്ടമാകുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലും ഇതാണ് സ്ഥിതിവിശേഷം.
എന്നാൽ സിഗ്നലുകൾ ലഭിക്കാതാകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കോതയാർ ഡാം പരിസരത്തുനിന്ന് കേരളത്തിന്‍റെ ഉൾവനത്തിലേക്കാണോ അരിക്കൊമ്പൻ എത്തുന്നതെന്ന് അറിയാനാകുന്നില്ല. കോതയാർ ഡാമിനടുത്ത് നിന്ന് അഗസ്ത്യാർ വനം, നെയ്യാർ വനമേഖല എന്നിവിടങ്ങളിലേക്ക് എത്താനാകും.
അരിക്കൊമ്പന്‍റെ റേഡിയോ കോളറിൽനിന്നുള്ള സന്ദേശം പെരിയാർ കടുവ സങ്കേതത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണ് ലഭിക്കുന്നത്. അവിടെനിന്നാണ് തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ഇക്കാര്യം കേരളം കന്യാകുമാരി ഡിഎഫ്ഒയെ അറിയിക്കുകയും ചെയ്യും. അരിക്കൊമ്പൻ കോതയാർ ഡാം പരിസരത്തുതന്നെ ഉണ്ടെന്നാണ് അന്തിമനിഗമനം. നടക്കാൻ വയ്യാത്തതിനാൽ അരിക്കൊമ്പന് കൂടുതൽ ദൂരം സഞ്ചരിക്കാനാകുന്നില്ലെന്നാണ് അനുമാനം.