താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് 68 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടുപേർ പിടിയിൽ. തോമസ്, ഷാമോൻ എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂരിൽ എത്തിയാണ് താമരശ്ശേരി പൊലീസ് ഇവരെ രണ്ട് പേരെയും പിടികൂടിയത്. മോഷണ സംഘത്തിലെ മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവർ സഞ്ചരിച്ച കാറുകളിൽ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
മൈസൂരുവില്‍ നിന്നു കൊടുവള്ളിയിലേക്ക് വരികയായിരുന്നു മൈസൂരു ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27)യാണ് ആക്രമണത്തിന് ഇരയായത്. ബുധനാഴ്ചയാണ് സംഭവം നടന്നതെങ്കിലും വിശാല്‍ വെള്ളിയാഴ്ചയാണ് പരാതി നല്‍കിയത്. പൊലീസില്‍ പറഞ്ഞാല്‍ കൊല്ലുമെന്നു സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി വൈകിയതെന്നാണ് ഇയാള്‍ വ്യക്തമാക്കുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് മൈസൂരുവില്‍ നിന്നു വിശാല്‍ കൊടുവള്ളിയിലേക്ക് കാറില്‍ വന്നത്. ഒൻപതാം വളവിലെത്തിയപ്പോള്‍ പിന്നില്‍ രണ്ട് കാറുകളിലായി പന്തുടര്‍ന്നെത്തിയ സംഘം വിശാലിന്റെ കാര്‍ തടഞ്ഞിട്ടു. വശത്തെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്ത സംഘം വിശാലിനെ കാറില്‍ നിന്നു വലിച്ചു പുറത്തിട്ട് മർദിച്ചു. കൊടുവള്ളിയില്‍ നിന്നു പഴയ സ്വര്‍ണം വാങ്ങാൻ വേണ്ടിയെടുത്ത 68 ലക്ഷം രൂപയും ഇരുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണുമാണ് കാറിലുണ്ടായിരുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.