സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുതൽ

0
346

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കൊല്ലം നഗരം ഒരുങ്ങി. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കും.

ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്കു നൽകുന്ന സ്വർണക്കപ്പ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കു ജില്ലാ അതിർത്തിയിലെ കുളക്കടയിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്കുമാർ എന്നിവർ ഏറ്റുവാങ്ങും. ഘോഷയാത്രയായി ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ എത്തിച്ചേരും.

 

കൊട്ടാരക്കര, എഴുകോൺ, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ആറരയ്ക്കാണ് പ്രധാനവേദിയിൽ സ്വർണക്കപ്പ് എത്തുന്നത്. തുടർന്ന് പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്. പിന്നീട് ജില്ലാ ട്രഷറിയിലേക്ക് മാറ്റും. ഇന്നലെ കോഴിക്കോട്ടു നിന്നാണ് സ്വർണക്കപ്പ് ഘോഷയാത്ര തുടങ്ങിയത്. ഇന്നു കലോത്സവ വിളംബര ജാഥയും ഒരുക്കിയിട്ടുണ്ട്.

 

ഇന്നു മുതൽ എത്തുന്ന മത്സരാർഥികളെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസി ബസ് സ്റ്റാൻ‍ഡിലും പ്രത്യേക കൗണ്ടറുകൾ തുറന്നിട്ടുണ്ട്. റജിസ്ട്രേഷൻ കലക്ടറേറ്റിന് അടുത്തുള്ള ടൗൺ യുപി സ്കൂളിലാണ്. നഗരത്തിലെ 31 സ്കൂളുകളിലാണു മത്സരാർഥികൾക്ക് താമസിക്കാനായി സൗകര്യം ഒരുക്കിയിരിക്കുന്നത്.

 

ആശ്രാമം മൈതാനത്തെ പ്രധാനവേദിയായ ഒഎൻവി സ്മൃതി മന്ത്രി വി.ശിവൻകുട്ടി കലോത്സവത്തിനു സമർപ്പിച്ചു. പ്രധാന വേദിയിലെ പന്തലും സ്റ്റേജും പൂർത്തിയായി. 60,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഒഎൻവി സ്മൃതി. 10,000 കസേരകൾ ക്രമീകരിക്കാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here