മൂടക്കൊല്ലിയിലെ കടുവയെ തിരിച്ചറിഞ്ഞതായി വനം വകുപ്പ്

0
629

മൂടക്കൊല്ലി: സൗത്ത് വയനാട് ഫോറസ്‌ററ് ഡിവിഷനിലെ ചെതലത്തു റെയ്ഞ്ചിന് കീഴിലെ ഇരുളം ഫോറസ്‌ററ് സ്റ്റേഷന്‍ പരിധിയിലെ മൂടക്കൊല്ലി ഭാഗത്തെ പന്നി ഫാമിലെ പന്നികളെ ആക്രമിച്ച കടുവയെ തിരിച്ചറിഞ്ഞതായി വനം വകുപ്പ്. വനം വകുപ്പ് പ്രദേശത്തു സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ചിത്രം ലഭിക്കുകയും പ്രസ്തുത കടുവ WWL 39 എന്ന പെണ്‍ കടുവ ആണെന്ന് തിരിച്ചറിയുകയും ചെയ്തതായി വനം വകുപ്പ് പ്രസ്താവിച്ചു.

 

ഇന്ന് പുലര്‍ച്ചെ ഈ കടുവ ഈ പ്രദേശത്തു വീണ്ടും എത്തുകയും പന്നികളെ കൂടെ പിടികൂടി ഭക്ഷിയ്ക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് തന്നെ കടുവയെ പിടികൂടുന്നതിന് കൂടു സ്ഥാപിച്ചതായും ഈ ഭാഗത്തു വനം വകുപ്പ് നിരന്തര നിരീക്ഷണം നടത്തി വരുന്നതുമാണെന്ന് വനം വകുപ്പ് അറിയിച്ചു. ജനുവരി 06 ന് ഇതേ കടുവ പന്നി ഫാം ആക്രമിച്ച് പന്നികളെകൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് വനപാലകര്‍ ഉടനെ തന്നെ സ്ഥലത്തു എത്തുകയും വേണ്ട പരിശോധനകള്‍ നടത്തുകയും കമ്മിറ്റി രൂപീകരിക്കുകയും കടുവയെ തിരിച്ചറിയുന്നതിനായി സ്ഥലത്തു അന്നേ ദിവസം തന്നെ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കുകയും നിരീക്ഷണം നടത്തി വരികയും ചെയ്തിരുന്നതായും വനംവകുപ്പ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here