യാത്ര വൈകുമെന്ന് അറിയിച്ചു; ഇൻഡിഗോ വിമാനത്തിൽ പൈലറ്റിനെ ഓടിവന്ന് ഇടിച്ചിട്ട് യാത്രക്കാരൻ

0
595

വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനിടെ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഞായറാഴ്ച ഉച്ചയ്ക്ക് ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സഹിൽ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. ഇതിനെതിരെ ഇൻഡിഗോ പരാതി നൽകി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം (6ഇ-2175) മൂടൽമഞ്ഞിനെ തുടർന്ന് ഇന്നലെ മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 7.40നു പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30നാണ് പുറപ്പെട്ടത്.

 

വിമാനം വൈകിയതിനെ തുടർന്നു പുതുതായി ഡ്യൂട്ടിക്ക് കയറിയ പൈലറ്റ് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ മഞ്ഞ ഹൂഡി ധരിച്ച ഒരാൾ അവസാനനിരയിൽനിന്നു പെട്ടെന്ന് ഓടിവന്ന് പൈലറ്റിനെ ഇടിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. സംഭവം നടന്നയുടൻ യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്താക്കി അധികൃതർക്ക് കൈമാറി.

 

ഇന്നലെ മൂടൽ മഞ്ഞ് കനത്തതോടെ ഡൽഹിയിൽ ഇറങ്ങേണ്ട 10 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 100 വിമാനങ്ങൾ വൈകി. ഏതാനും സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു മണിപ്പുരിലേക്കു തിരിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് സംഘത്തിന്റെ വിമാനവും മണിക്കൂറുകൾ വൈകിയാണു പുറപ്പെട്ടത്.

 

പുലർച്ചെ 5ന് യാത്രക്കാരെ കയറ്റിയ ഒരു വിമാനത്തിന് മൂടൽമഞ്ഞു കാരണം ടേക്ക് ഓഫ് ചെയ്യാൻ സാധിച്ചില്ല. നിർത്തിയിട്ട വിമാനത്തിനുള്ളിൽ മണിക്കൂറുകളോളം ഇരുത്തിയ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനാൽ സമയം പുനഃക്രമീകരിച്ച് 11.30നാണ് വിമാനം പുറപ്പെട്ടത്. ഒട്ടേറെ ട്രെയിനുകളും മണിക്കൂറുകൾ വൈകി.

മൂടൽമഞ്ഞിനെ തുടർന്ന് എയർഇന്ത്യയുടെ ഡൽഹി–കൊച്ചി, കൊച്ചി–ദുബായ് വിമാനങ്ങൾ ഇന്നലെ ഏറെ വൈകി. ഇന്നലെ രാവിലെ 8.40ന് ഡൽ‌ഹിയിൽ നിന്നെത്തി 9.45ന് ദുബായിലേക്ക് പോകേണ്ട വിമാനമാണിത്. രാത്രിയായിട്ടും വിമാനം എത്താതായതോടെ കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാർ വലഞ്ഞു. മഞ്ഞിനെ തുടർന്ന് എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും മറ്റു ചില വിമാനങ്ങളും വൈകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here