ആഭരണ കവർച്ച:മൂന്ന് സ്ത്രീകൾ പിടിയിൽ

0
1436

മാനന്തവാടി: ആശുപത്രികളും, ഉത്സവ പറമ്പുകളും കേന്ദ്രീകരിച്ച് സ്ത്രീകളുടെ ആഭരണങ്ങള്‍ കവര്‍ച്ച നടത്തുന്ന തമിഴ്‌നാട് സ്വദേശികളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതികളായ ചെങ്കല്‍പേട്ട കൂടാച്ചേരി സ്വദേശിനികളായ ഇന്ദു എന്ന കാവ്യ (37), ജാന്‍സി എന്ന സരസ്വതി (30), ദേവി എന്ന സുധ (39) എന്നിവരാണ് പിടിയിലായത്. കുറ്റിമൂല സ്വദേശിയായ പരാതിക്കാരിയോടൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവേ ഒന്നര പവന്റെ മാല കവര്‍ന്ന കേസിലാണ് അറസ്റ്റ്.

 

വിവിധ പേരുകളില്‍ അറിയപ്പെടുന്ന പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ആശുപത്രികളിലും, ഉത്സവ പറമ്പുകളിലും മറ്റും വരുന്ന ഒറ്റപ്പെട്ട സ്ത്രീകളെ പരിചയപ്പെട്ട് അടുത്തിടപഴകിയ ശേഷം വീട്ടില്‍ കൊണ്ടു വിടാമെന്ന വ്യാജേനെ ഓട്ടോറിക്ഷയില്‍ കയറ്റി യാത്രാമധ്യേ തന്ത്രപൂര്‍വ്വം കവര്‍ച്ച നടത്തുകയാണ് പതിവ്. കൂടാതെ ആള്‍ക്കൂട്ടത്തിനിടയിലും,ബസ്സുകളിലും മറ്റും വെച്ച് സ്ത്രീകളുടേയും, കുട്ടികളുടേയും ആഭരണങ്ങള്‍ കവരുന്നതും, മോഷണവും ഇവരടങ്ങുന്ന സംഘത്തിന്റെ രീതിയാണ്.

 

ഇവരുടെ സംഘത്തിലെ വേറെയും ആളുകളുണ്ട്. ഉത്സവ- പെരുന്നാള്‍ സീസണുകളിലാണ് ഈ സംഘം സജീവമാകുന്നത്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അപരിചിതരായ ഇത്തരക്കാരെ സംശയാസ്പദമായ രീതിയില്‍ കണ്ടാല്‍ അടുത്തുള്ള സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നും പോലീസ് അറിയിച്ചു.

 

ബത്തേരി ജെ എഫ് സി എം കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. മാനന്തവാടി ഡി വൈ എസ് പി പി എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎം അബ്ദുള്‍ കരീം, എസ് ഐ മാരായ കെ കെ സോബിന്‍, മിനിമോള്‍, എ എസ് ഐ അഷറഫ്, എസ് സി പി ഒ മാരായ റോയ്‌സന്‍, വിപിന്‍, ജാസിം, സെബാസ്റ്റ്യന്‍, ഷൈല, നൗഷാദ്, ബഷീര്‍, സി പി ഒ മാരായ ദീപു, കൃഷ്ണപ്രസാദ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് സിസിടിവി കേന്ദ്രീകരിച്ചും, മാനന്തവാടി ഗാന്ധി പാര്‍ക്ക്, വള്ളിയൂര്‍ക്കാവ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാരുടേയും മറ്റും സഹായത്തോടെയും നടത്തിയ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here