തിരുവനന്തപുരം ∙ ഒരു കാലത്ത് സംസ്ഥാനത്ത് മൂന്നു ലക്ഷത്തിലേറെപ്പേർ കൈപ്പറ്റിയിരുന്ന തൊഴിലില്ലായ്മ വേതനം ഇപ്പോൾ ലഭിക്കുന്നത് 2080 പേർക്കു മാത്രം. തൊഴിലില്ലായ്മ അത്രയേറെ കുറഞ്ഞതുകൊണ്ടല്ല, കാൽ നൂറ്റാണ്ടോളമായി 120 രൂപയായി തുടരുന്ന മാസവേതനം ഒട്ടും ആകർഷകമല്ലെന്നതും കാലോചിതമായി പരിഷ്കരിക്കാത്ത മാനദണ്ഡങ്ങളുമാണ് ഗണ്യമായ ഈ കുറവിന് കാരണം. പ്രതിവർഷം 12,000 രൂപ കുടുംബ വരുമാനവും മാസം 100 രൂപ വരെ വ്യക്തിഗത വരുമാനവും ഉള്ളവർക്കു മാത്രമാണ് തൊഴിലില്ലായ്മ വേതനം ലഭിക്കുക.
ജനറൽ വിഭാഗത്തിൽ 10–ാം ക്ലാസ് ജയിച്ചിരിക്കണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്ത് 3 വർഷത്തിനു ശേഷമേ വേതനത്തിന് അപേക്ഷിക്കാനാകൂ. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 10–ാം ക്ലാസ് പരീക്ഷ ജയിക്കണമെന്നില്ല. മുൻപ് തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ചു വിടുന്ന പട്ടികയിലുള്ളവർക്കു വരുമാന സർട്ടിഫിക്കറ്റ് ഇല്ലാതെതന്നെ വേതനം നൽകിയിരുന്നു. വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ക്ഷേമപെൻഷൻ പോലും പ്രതിവർഷം 12,000 രൂപയ്ക്കു മുകളിലാണെന്നിരിക്കെ 12,000 രൂപ വാർഷിക കുടുംബവരുമാനം എന്ന പരിധി യുക്തിരഹിതമാണ്. കുടുംബ വരുമാന പരിധി ഇരട്ടിയെങ്കിലും ആക്കണമെന്നും വേതനം 500 രൂപയെങ്കിലുമായി ഉയർത്തണമെന്നും എംപ്ലോയ്മെന്റ് ഡയറക്ടർ ശുപാർശ നൽകിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
28 ലക്ഷം തൊഴിലന്വേഷകരുണ്ടെന്ന് സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്. ഇതിൽ 10 ലക്ഷം പുരുഷന്മാരും 18 ലക്ഷം സ്ത്രീകളുമാണ്. കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കാണിത്. 2021ൽ 40 ലക്ഷം തൊഴിലന്വേഷകർ ഉണ്ടായിരുന്നു.
നിലവിലെ 28 ലക്ഷം തൊഴിലന്വേഷകരിൽ 93.5% പേരും എസ്എസ്എൽസിയോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 1580 പേർ നിരക്ഷരർ. പിജി വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു ലക്ഷത്തോളം സ്ത്രീകളും ഇരുപതിനായിരത്തോളം പുരുഷന്മാരും തൊഴിൽ തേടുന്നു. 3.8 ലക്ഷം ബിരുദധാരികളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 15 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 10.4% ആണ്. കേരളം കൂടാതെ ഗോവയിൽ മാത്രമാണ് തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ളത്. രാജ്യത്ത് ആകെ തൊഴിലില്ലായ്മ നിരക്ക് 5.1% ആണ്.