വിവരാവകാശത്തിൽ’ വീഴ്ചവരുത്തിയാൽ ഇനി ‘വിവരം അറിയും’; ഉദ്യോഗസ്ഥരെ പിടികൂടാൻ മിന്നല്‍ പരിശോധന

0
287

കോഴിക്കോട്: വിവരാവകാശ നിയമം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിടികൂടാൻ സർക്കാർ ഓഫിസുകളിൽ മിന്നൽ പരിശോധനയ്ക്ക് വിവരാവകാശ കമ്മീഷൻ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ പരിഗണിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുവെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാരിന്‍റെ പല വെബ്‍സൈറ്റുകളിലും അടിസ്ഥാന വിവരങ്ങള്‍ പോലുമില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുൽ ഹക്കീം പറഞ്ഞു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് മറുപടി നല്‍കുന്നതില്‍ സർക്കാർ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ക്കുളള വിവരാവകാശ കമ്മീഷന്‍റെ നീക്കം. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും വിവരാവകാശ ഓഫീസര്‍മാര്‍ മിന്നല്‍ പരിശോധന നടത്തും.

 

കളക്ടറേറ്റുകളിലായിരിക്കും ആദ്യ പരിശോധന. കൃത്യമായ മറുപടികൾ ലഭിക്കാത്തത് കൊണ്ടും മറുപടി വൈകുന്നത് മൂലവും വിവരാവകാശ അപേക്ഷയിൽ അപ്പീലുകളുടെ എണ്ണം കൂടുന്നുണ്ടെന്നും വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം പറഞ്ഞു. 30 ദിവസത്തിനകം മറുപടി നൽകിയാൽ മതിയെന്ന തെറ്റിദ്ധാരണ ഉദ്യോഗസ്ഥർ തിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വിവര ശേഖരണത്തിന്‍റെ ആദ്യ ഘട്ടം അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ അപൂർ‍ണമായോ ആണ് വിവരം നൽകിയതെന്ന് ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും കമ്മീഷൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here